അതിർത്തിയിൽ ഒറ്റക്കെട്ടായി സൈനികർ: ചാനലിൽ തമ്മിൽ തല്ലിച്ച് ആങ്കർമാർ; മലയാളി ചാനലുകൾ ചർച്ച നടത്തുന്നത് രാജ്യത്തെ വിഭജിക്കാൻ
സ്വന്തം ലേഖകൻ
തിരവനന്തപുരം: അതിർത്തിയിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കെ, രാഷ്ട്രീയവും മതവും കുത്തിത്തിരുകി രാജ്യത്തെ വിഭജിക്കാനുള്ള ചർച്ചകളുമായി മലയാളത്തിലെ ചാനലുകളുടെ അന്തിച്ചർച്ചകൾ. മാതൃഭൂമിയും, ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകളാണ് വൈകുന്നേരങ്ങളിൽ അതിർത്തിയിലുണ്ടായ ആക്രമണങ്ങളിൽ രാഷ്ട്രീയവും മതവും കുത്തിത്തിരുകുന്നത്. രാജ്യത്തിന് നേരെയുണ്ടായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ട സാഹചര്യത്തിലാണ് ഇപ്പോൾ ചാനലുകളുടെ വൈരുദ്ധ്യകരമായ ചർച്ചകൾ.
നാൽപ്പത് ഇന്ത്യൻ സൈനികരെ കാശ്മീരിൽ ചാവേർ ആക്രമണത്തിൽ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്ത്യ യുദ്ധത്തിലേയ്ക്ക് നീങ്ങുകയാണെന്ന സന്ദേശം പുറത്ത് വന്നത്. ഇതിനു ശേഷമാണ് ഇന്ത്യൻ സൈന്യത്തിന്റെ വർണനകൾ അടക്കം പുറത്ത് വിട്ട് മലയാളം ചാനലുകൾ ചർച്ചകൾ ആരംഭിച്ചത്. ആദ്യ ദിവസം മലയാളം ചാനലുകൾ പാക്കിസ്ഥാന്റെ ക്രൂര പ്രവർത്തിയെ കടന്നാക്രമിച്ച് ചർച്ച നടത്തിയപ്പോൾ രാജ്യത്തിനു വേണ്ടിയുള്ള വാദമായിരുന്നു. ഇന്ത്യൻ സൈനികരുടെ വേദനയും, ആക്രമണത്തിനുണ്ടായ സാഹചര്യങ്ങളും തിരിച്ചടി നൽകണമെന്ന ആവശ്യവുമായിരുന്നു ഈ ചർച്ചകളിലെല്ലാം കേട്ടത്്. പതിവ് രാഷ്ട്രീയ മുഖങ്ങളും മേജർ രവിയും, മുൻ നയതന്ത്ര വിദഗ്ധരും എല്ലാം ചർച്ചകളിൽ വന്നിരുന്ന് ഘോരഘോരം രാജ്യത്തിന് വേണ്ടി വാദിച്ചു.
രണ്ടാം ദിവസമായതോടെ കാശ്മീരിലെ ആക്രമണത്തിലെ ഇന്റലിജൻസ് വീഴ്ചയിലേയ്ക്ക് ചർച്ചമാറി. ആക്രമണത്തിന്റെ സാഹചര്യങ്ങളും ഇന്റലിജൻസ് റിപ്പോർട്ടുകളും എല്ലാം ചർച്ചയിൽ പ്രതിധ്വനിച്ചു. തുടർന്ന് ഇന്ത്യയുടെ പ്രത്യാക്രമണം വന്നതോടെയാണ് ചർച്ചകളിൽ സമ്പൂർണ രാഷ്ട്രീയം കലർന്നത്. പാക്കിസ്ഥാനെതിരായ ആക്രമണത്തെ ഒരു മതത്തോട് ചേർത്ത് വായിക്കാൻ പോലും മലയാളത്തിലെ ചാനലുകൾ തയ്യാറായി. റേറ്റിംഗിനു വേണ്ടി മാത്രമായിരുന്നു ചാനലുകളുടെ ഈ അഭ്യാസം.
മാതൃഭൂമിയിലെ വേണുവും, ഏഷ്യാനെറ്റിലെ വിനുവുമായിരുന്നു ഈ ആക്രമണങ്ങളിൽ ഏറ്റവും മുന്നിൽ നിന്നിരുന്നത്. ചർച്ചയിൽ പങ്കെടുക്കുന്ന ആളുകളുടെ വായിലേയ്ക്ക് തങ്ങളുടെ ചോദ്യങ്ങൾ തിരുകുകയും തങ്ങൾക്ക് ആവശ്യമുള്ളത് നേടിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു ഇവർ. രാജ്യം അതീവ പ്രതിസന്ധി ഘട്ടത്തിൽ യുദ്ധം ഒഴിവാക്കാനുള്ള ചർച്ചകൾക്ക് പകരം എരിതീയിൽ എണ്ണ ഒഴിക്കുന്ന ചർച്ചകളാണ് ഇപ്പോൾ മലയാളത്തിലെ ചാനലുകൾ ഇപ്പോൾ നടത്തുന്നത്.