video
play-sharp-fill

ചങ്ങനാശേരി പെരുന്നയിൽ കാവടിയ്ക്കിടെ ആനയ്ക്കും പാപ്പാനും നേരെ മുളക് പൊടി സ്‌പ്രേ ആക്രമണം: ആക്രമണത്തിന് ഇരയായത് ചിറയ്ക്കൽ കാളിദാസനും പാപ്പാനും; വിവാദമായി പാപ്പാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ചങ്ങനാശേരി പെരുന്നയിൽ കാവടിയ്ക്കിടെ ആനയ്ക്കും പാപ്പാനും നേരെ മുളക് പൊടി സ്‌പ്രേ ആക്രമണം: ആക്രമണത്തിന് ഇരയായത് ചിറയ്ക്കൽ കാളിദാസനും പാപ്പാനും; വിവാദമായി പാപ്പാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Spread the love

അപ്‌സര കെ.സോമൻ

ചങ്ങനാശേരി: ചങ്ങനാശേരി പെരുന്നയിലെ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തൈപ്പൂയ കാവടി ഘോഷയാത്രയ്ക്കിടെ അനയ്ക്കും പാപ്പാനും നേരെ കുരുമുളക് സ്‌പ്രേ പ്രയോഗം. പാപ്പാന്റെ കണ്ണിലേയ്ക്കു കുരുമുളക് സ്‌പ്രേ പ്രയോഗിച്ച അക്രമി സംഘം ഇരുചേരികളായി തിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തു. സംഭവത്തിൽ കണ്ണിന് അസ്വസ്ഥതയും, ശ്വാസം മുട്ടലും അനുഭവപ്പെട്ട ചിറയ്ക്കൽ കാളിദാസൻ എന്ന കൊമ്പന്റെ പാപ്പാൻ വിനോദ് എ.കെ തൃക്കരിയൂർ ആശുപത്രിയിൽ ചികിത്സ തേടി.

ശനിയാഴ്ച രാത്രി വൈകി ചങ്ങനാശേരി പെരുന്നയിലെ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ നടന്ന തൈപ്പൂയ കാവടി ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവങ്ങൾ. ആനയുടെ തലപ്പൊക്ക മത്സരം അടക്കമുള്ളവ നടക്കുന്ന പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം പ്രശസ്തമാണ്. കിഴക്കുംഭാഗവും, പടിഞ്ഞാറ്റും ഭാഗവും തമ്മിലുള്ള വാശിയേറിയ മത്സരങ്ങളും ഇവിടെ പതിവായി നടക്കുന്നത്. എന്നാൽ, ശനിയാഴ്ച നടന്ന മത്സരത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ മദ്യലഹരിയിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാത്രിയിൽ എഴുന്നെള്ളത്തിനിടെയും അടിപിടിയുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു പാപ്പാനും ആനയ്ക്കും നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നുവെന്നാണ് പരാതി. പാപ്പാൻ വിനോദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ –

ഇന്നലെ 08.02.2020 പെരുന്ന തൈപ്പൂയം എഴുന്നെള്ളിപ്പിനിടയിൽ എനിക്കും ആനയ്ക്കും നേരെ പെപ്പർ സ്‌പ്രേ ചെയ്യുകയുണ്ടായി. കണ്ണിനു സാരമായി പരിക്കേൽക്കുകയും ചെയ്തു. കണ്ണു തുറക്കാൻ പറ്റാത്തതും, ശ്വാസം മുട്ടിപ്പോയ അവസ്ഥയും ആയതിനാൽ ആരാണെന്നോ എന്താണെന്നോ അറിയില്ല.
നല്ല രീതിയിൽ നടന്നു പോകുന്ന ഇത്തരം വലിയ അമ്പലങ്ങളിലെ പ്രോഗ്രാമുകളിലെ അവസ്ഥ ഇതാണെങ്കിൽ ബാക്കിയുള്ള സ്ഥലങ്ങളിൽ ആനയും ആനക്കാരും നേരിടുന്ന ദുരവസ്ഥ എന്താണെന്ന് ആരെയും പറഞ്ഞു മനസിലാക്കി തരേണ്ടതില്ലെന്ന് കരുതുന്നു.

രാത്രി എഴുന്നെള്ളത്ത് നടക്കുന്നതിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുകയും, തുടർന്ന് കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആനയ്ക്കും പാപ്പാനും നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതായി ഇതുവരെയും പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നുണ്ട്.

എന്നാൽ, ചിറയ്ക്കൽ കാളിദാസന്റെ പാപ്പാൻ സ്ഥാനത്തു നിന്നും മാമ്പിയെ മാറ്റി വിനോദിനെ നിയമിച്ചതിൽ ഒരുവിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. ഇതാണ് ആനയ്ക്കും പാപ്പാനും നേരെയുള്ള കുരുമുളക് സ്‌പ്രേ ആക്രമണത്തിനു പിന്നിലെന്ന വാദമാണ് സോഷ്യൽ മീഡിയയിലെ ആനപ്രേമികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. നേരത്തെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ പാപ്പാനായിരുന്നു വിനോദ്.