ചർച്ച് ബിൽ നിയമമാക്കുവാനുള്ള നടപടികൾ ഉപേക്ഷിക്കണം: സി.എഫ് തോമസ്

ചർച്ച് ബിൽ നിയമമാക്കുവാനുള്ള നടപടികൾ ഉപേക്ഷിക്കണം: സി.എഫ് തോമസ്

സ്വന്തം ലേഖകൻ

കോട്ടയം : ചര്‍ച്ച് ബില്‍ നിയമ നടപടിയിലാക്കുവാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഈ  പ്രസ്താവനയ്ക്ക് അനുസരിച്ചു നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ഡെപ്യൂട്ടി ചെയര്‍മാന്‍ സി.ഫ് തോമസ് എം.എല്‍.എ പറഞ്ഞു. നിയമപരിഷ്‌കരണ കമ്മീഷന്‍ ബില്ലുമായി മുന്നോട്ടു പോകുകയാണ്. ബില്‍ നിയമമാക്കു വാനുള്ള നടപടികള്‍ അടിയന്തിരമായി ഉപേക്ഷിക്കുകയാണ് വേണ്ടത്. വ്യാപകവും ശക്തവുമായ പ്രതിഷേധമാണ് ബില്ലിനെതിരെ സംസ്ഥാനത്ത്  ഉണ്ടായിരിക്കുന്നത്. ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനം നിയമത്തിന്റെ പിന്‍ബലമില്ലാതെയാണ് എന്ന് വരുത്തി ത്തീര്‍ക്കുവാനുള്ള ഗൂഡോദ്ദേശം ഈ ബില്ലിന്റെ കാര്യത്തിലുണ്ട്. സഭാപരവും സാമൂഹികവുമായ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സമൂഹത്തിന് വസ്തുക്കളും സ്ഥാപനങ്ങളും ആവശ്യമാണ്. ഇവ ആര്‍ജ്ജിക്കുവാനും ഉപയോഗിക്കുവാനും കൈമാറ്റം ചെയ്യുവാനുള്ള അവകാശവും ഉണ്ട്. ഈ വിഷയത്തില്‍ നിലവില്‍ സഭകളുടെ നിയമവും രാജ്യത്തെ നിയമവും ഉണ്ടെന്നിരിക്കെ ഇത്തരം ഒരു നിയമനിര്‍മ്മാണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുവാന്‍ പ്രയാസമുണ്ട്. ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുവാനും സഭകളുടെ സ്വത്തുക്കളും സ്ഥാപനങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തില്‍കൊണ്ടുവരുവാനുള്ള നീക്കമായി ക്രൈസ്തവ സഭകള്‍ ഈ ബില്ലിനെ കാണുന്നു. ഈ ബില്‍ നിമയമാക്കുവാനുള്ള നടപടികള്‍ ഗവണ്‍മെന്റ് ഭാഗത്തുനിന്നും ഉപേക്ഷിക്കണമെന്നും സി.എഫ് തോമസ് പറഞ്ഞു.