video
play-sharp-fill
കേരളത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം വർധിപ്പിക്കാനൊരുങ്ങി സർക്കാർ; രാജ്യാന്തര സ്വഭാവത്തിൽ അത്യാധുനിക ഗവേഷണം വികസിപ്പിക്കാനും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും  ഏഴ് സിഒഇ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

കേരളത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം വർധിപ്പിക്കാനൊരുങ്ങി സർക്കാർ; രാജ്യാന്തര സ്വഭാവത്തിൽ അത്യാധുനിക ഗവേഷണം വികസിപ്പിക്കാനും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും ഏഴ് സിഒഇ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർധിപ്പിക്കാനും രാജ്യാന്തര സ്വഭാവത്തിൽ അത്യാധുനിക ഗവേഷണം വികസിപ്പിക്കാനും ഏഴ് സെന്റേഴ്സ് ഓഫ് എക്സലൻസ് (സി.​ഒ.ഇ) ഉടൻ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

ഇതിനായി ഈ വർഷം 11.4 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയതായും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടാതെ, വിദേശവിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി കേരളത്തെ മാറ്റാൻ പ്രധാന നടപടിയായി ‘സ്റ്റഡി ഇൻ കേരള’ പദ്ധതിക്കും സംസ്ഥാനത്ത് തുടക്കം കുറിക്കും.

സെന്റേഴ്സ് ഓഫ് എക്സലൻസ് (CoE)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്ര പരിഷ്‌കരണത്തിന് ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ നൽകിയ ശുപാർശകളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നത്. അത്യാധുനിക ഗവേഷണം വികസിപ്പിക്കാനും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള അക്കാദമിക്, പ്രൊഫഷണൽ പ്രവർത്തനങ്ങൾക്ക് സഹായകരമാകാനും ഉതകുന്ന വിധത്തിൽ, പ്രത്യേകമായ പഠനമേഖലകളിലോ ഗവേഷണത്തിലോ പരിശീലനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും കേന്ദ്രങ്ങൾ.

ആദ്യഘട്ടമായി ഏഴ് സെന്റേഴ്സ് ഓഫ് എക്സലൻസ്, സ്വയംഭരണ സ്ഥാപനങ്ങളായി സ്ഥാപിക്കാൻ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയിരുന്നു. ആ സെന്റേഴ്സ് ഓഫ് എക്സലൻസ് ഏഴും ആരംഭിക്കാൻ സർക്കാർ ഭരണാനുമതി നൽകി.

നിലവിൽ ഭരണാനുമതി ലഭിച്ച സെന്ററുകളിൽ രണ്ടെണ്ണം ശാസ്ത്രസാങ്കേതിക മേഖലയിലും രണ്ടെണ്ണം സാമൂഹ്യശാസ്ത്ര മേഖലയിലും രണ്ടെണ്ണം ഭാഷ-സാംസ്കാരിക മേഖലയിലും ആണ് പ്രവർത്തിക്കുക. ഒരു സെൻറർ ഉന്നതവിദ്യാഭ്യാസമേഖലയിലെ അധ്യാപക-അനധ്യാപക-ഗവേഷകവിദ്യാര്‍ഥി പരിശീലനങ്ങളിലും പാഠ്യപദ്ധതി രൂപകല്‍പന അടക്കമുള്ളവയിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കും.

നിലവിൽ ഭരണാനുമതി ലഭ്യമായ സെന്റേഴ്സ് ഓഫ് എക്സലൻസ് ഇവയാണ്:

1. സെന്റർ ഓഫ് എക്സലെൻസ് ഫോർ ടീച്ചിങ്, ലേണിം​ഗ് ഏൻഡ് ട്രെയിനിം​ഗ്
2. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ്, ടെക്നോളജി, ഏൻഡ്
ഇന്നൊവേഷൻ (KISTI)
3. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (KIAS)
4. കേരള നെറ്റ്വർക്ക് ഫോർ റിസെർച്ച്-സപ്പോർട്ട് ഇൻ ഹയർ എജൂക്കേഷൻ (KNRSHE)
5. സെന്റർ ഫോർ ഇൻഡീജെനസ് പീപ്പിൾസ് എജൂക്കേഷൻ (CIPE)
6. ദി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻ‍ഡർ ഇക്വാളിറ്റി (KIGE)
7. കേരള ലാം​ഗ്വേജ് നെറ്റ്വർക്ക് (KLN)

ഓരോ സെന്റർ ഓഫ് എക്സലൻസും അതാത് മേഖലക്കുള്ളിൽ വൈദഗ്ധ്യം, നവീകരണം, സഹകരണം എന്നിവയുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഓരോന്നിലും അതാതു മേഖലയിലെ മികച്ച ഫാക്കൽറ്റി അംഗങ്ങൾ, ഗവേഷകർ, വിദ്യാർത്ഥികൾ, വ്യവസായ പങ്കാളികൾ എന്നിവരുടെ മികച്ച സാന്നിദ്ധ്യം ഉണ്ടാകും.

ആദ്യ ഘട്ടത്തിൽ, ഡയറക്ടറെ കൂടാതെ പരമാവധി അഞ്ചു പേർ അടങ്ങുന്ന ഒരു കോർ അക്കാഡമിക് ടീം (ഫാക്കൽറ്റി /ഫാക്കൽറ്റി ഫെലോ /റിസർച്ച് ഫാക്കൽറ്റി എന്നിവരുൾപ്പെടെ) ഓരോ സെന്റർ ഓഫ് എക്സലൻസിലും രൂപീകരിക്കും. പുറമെ, പോസ്റ്റ് ഡോക്ടറൽ /ഡോക്ടറൽ വിദ്യാർഥികളുടെ ഓരോ ടീമും ഓരോ സെന്റർ ഓഫ് എക്സലൻസിലും ഉണ്ടാവും.

സംസ്ഥാന സർക്കാർ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെട്ട ഒരു ഗവേണിംഗ് ബോർഡ് ഓരോ സെന്റർ ഓഫ് എക്സലൻസിലും രൂപികരിക്കും.

സംസ്ഥാനത്തെ മറ്റു സ്ഥാപനങ്ങൾക്ക് ഭാവിയിൽ പിന്തുടരാവുന്ന രീതിയിൽ, ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എഡ്യൂക്കേഷണൽ അഡ്മിനിസ്ട്രേഷൻ രീതിയിലാവും സംവിധാനം.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി രൂപകല്പന, സിലബസ് തയ്യാറാക്കൽ, മൂല്യനിർണ്ണയ തന്ത്രങ്ങൾ, ടെക്നോളജി ഉപയോഗിച്ചുള്ള ബോധനരീതികൾ എന്നിവയിൽ അധ്യാപകർക്ക് നിരന്തരമായ പരിശീലനം നല്കുന്നതിലും ഈ മേഖലയിൽ ഗവേഷണം നടത്തി ഏറ്റവും ആധുനികമായ അറിവുകൾ ഉല്പാദിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

അദ്ധ്യാപകർക്കും എഡ്യൂക്കേഷണൽ അഡ്മിനിസ്ട്രേറ്റർമാർക്കും വിദ്യാർത്ഥികൾക്കും ലീഡർഷിപ്പ് പരിശീലനം നൽകുന്നതുമാകും ഈ കേന്ദ്രം. ഉന്നതവിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളെപ്പറ്റി ആവശ്യമായ ഗവേഷണം മുന്നോട്ടുകൊണ്ടുപോകുക വഴി നയരൂപകർത്താക്കൾക്കും ഈ കേന്ദ്രം സഹായമേകും. കാലിക്കറ്റ് സർവ്വകലാശാലയാണ് കേന്ദ്രത്തിന് പരിഗണിക്കുന്നത്.