എങ്ങിനെ വിശ്വസിക്കും ഈ ലാബുകളെ: കോട്ടയത്തെ ഡയനോവയ്ക്കു പിന്നാലെ തൃശൂരിലെ സെൻട്രൽ ലാബും രോഗികളെ കബളിപ്പിക്കുന്നു; യുവതിയ്ക്കു കാൻസറെന്ന് തൃശൂർ സെൻട്രൽ ലാബിലും തെറ്റായ ഫലം
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്തെ ലാബുകളെ എങ്ങിനെ വിശ്വസിക്കും. തെറ്റായ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ വട്ടം കറക്കുകയാണ് സംസ്ഥാനത്തെ ഓരോ ലാബുകളും. തെറ്റായ ഫലങ്ങൾ തന്നെ തുടർച്ചയായി വന്നിട്ടും ലാബുകൾക്കെതിരെ നടപടിയെടുക്കാൻ ഇതുവരെയും സംസ്ഥാനത്തെ സർക്കാർ തയ്യാറായിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്ത് പ്രവർത്തിക്കുന്ന ഡയനോവ ലാബ് തെറ്റായ പരിശോധനാ ഫലം നൽകിയതിനെ തുടർന്ന് യുവതിയ്ക്കു കീമോ തെറാപ്പി നടത്തിയിട്ടും, ഈ ലാബിനെതിരെ ചെറുവിരൽ അനക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതിനു പിന്നാലെയാണ് ഇപ്പോൾ തൃശൂരിൽ നിന്നും തെറ്റായ കാൻസർ പരിശോധനാ ഫലത്തിന്റെ വാർത്ത പുറത്തു വന്നിരിക്കുന്നത്. ഇത്തവണ പക്ഷേ, വീട്ടമ്മ ഭാഗ്യം കൊണ്ടു മാത്രം കാൻസറിന് ചികിത്സ തുടങ്ങും മുൻപ രക്ഷപെട്ടു.
കോട്ടയം ഡയനോവ ലാബിന്റെ തെറ്റായ പരിശോധനാ ഫലത്തെ തുടർന്ന്, ആലപ്പുഴ സ്വദേശിയായ രജനി എന്ന വീട്ടമ്മയ്ക്കാണ് കീമോതെറാപ്പി ആരംഭിച്ചത്. എന്നാൽ, തൃശൂരിലെ സെൻട്രൽ ലാബിന്റെ തെറ്റായ പരിശോധന ഫലത്തെ തുടർന്ന് വാടനപ്പള്ളിസ്വദേശിയായ പുഷ്പലതയ്ക്കാണ് കാൻസർ രോഗമുണ്ടെന്ന പേരിൽ സ്വകാര്യ ലാബ് റിപ്പോർട്ട് നൽകിയത്. എന്നാൽ, മ്‌റ്റൊരു ലാബിലും, ഡോക്ടർ നൽകിയ റിപ്പോർട്ടിലും ഇവർക്ക് കാൻസർ ഇല്ലെന്നാണ് കണ്ടെത്തിയത്. ഇതോടെ ലാബിനെതിരെ നിയമനടപടികൾക്കൊരുങ്ങുകയാണ് യുവതിയും കുടുംബവും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയറിൽ അസ്വാഭാവികമായ തടിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് പുഷ്പലത തൃത്തല്ലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടർ കുറിപ്പടി നൽകിയതിനെ തുടർന്നാണ് വാടാനപ്പള്ളിയിലുള്ള സെൻട്രൽ ലാബിൽ പരിശോധനയ്ക്കായി എത്തിയത്. പരിശോധന നടത്തിയ ലാബ് അധികൃതർ വയറിൽ കാൻസറാണ് എന്ന് റിപ്പോർട്ടാണ് നൽകിയത്. ഈ റിപ്പോർട്ടുമായി ഡോക്ടറെ കണ്ടപ്പോൾ സംശയം തോന്നിയ ഡോക്ടർ വീണ്ടും പരിശോധന നടത്താൻ നിർദേശിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം മറ്റൊരു ലാബിൽ പരിശോധന നടത്തി. ഇതോടെയാണ് പരിശോധന നടത്തിയപ്പോൾ കാൻസർ ഇല്ലെന്ന് കണ്ടെത്തിയത്.