play-sharp-fill
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പരസ്യം ചെയ്യുന്നത് പണം വാങ്ങിയിട്ടാണെങ്കിൽ കൃത്യമായി വെളിപ്പെടുത്തണം; സെലിബ്രിറ്റികൾക്കും സമൂഹമാധ്യമ താരങ്ങൾക്കും  പുതിയ മാർ​ഗരേഖയുമായി കേന്ദ്ര സർക്കാർ; മാർ​ഗരേഖ ലംഘിച്ചാൽ 50 ലക്ഷം രൂപ വരെ പിഴ

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പരസ്യം ചെയ്യുന്നത് പണം വാങ്ങിയിട്ടാണെങ്കിൽ കൃത്യമായി വെളിപ്പെടുത്തണം; സെലിബ്രിറ്റികൾക്കും സമൂഹമാധ്യമ താരങ്ങൾക്കും പുതിയ മാർ​ഗരേഖയുമായി കേന്ദ്ര സർക്കാർ; മാർ​ഗരേഖ ലംഘിച്ചാൽ 50 ലക്ഷം രൂപ വരെ പിഴ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സെലിബ്രിറ്റികളും സമൂഹമാധ്യമ താരങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പരസ്യം ചെയ്യുന്നത് പണം വാങ്ങിയിട്ടാണെങ്കിൽ അത് കൃത്യമായി വെളിപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ. ബ്രാൻഡ് പ്രമോഷൻ നടത്തുന്നതിന് മുൻപ് പരസ്യത്തിൽ പറയുന്ന ഉൽപന്നമോ സേവനമോ ഉപയോ​ഗിച്ചു നോക്കണം.

പരസ്യത്തിൽ പറയുന്ന വാദങ്ങൾ സാധൂകരിക്കാൻ ആ ഉൽപ്പന്നത്തിന് സാധിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. പല വ്യാജ വാ​ഗ്‌ദാനങ്ങളും താരങ്ങൾ മീഡിയ വഴി സമൂഹത്തിലേക്ക് എത്തിക്കുന്നത് ശ്രദ്ധയിൽപെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിൽ പറയുന്ന വാദങ്ങളിൽ സാധാരണക്കാർ വഞ്ചിതരാകാതിരിക്കാനാണ് നടപടിയെന്നും മാർ​ഗരേഖയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റനോട്ടത്തിൽ പരസ്യമെന്ന് തോന്നാത്ത തരത്തിലാണ് പല ഉള്ളടക്കങ്ങളും ചെയ്യുന്നത്. വീഡിയോയുടെ തുടക്കത്തിൽ തന്നെ പേയ്ഡ് പ്രമോഷനാണോയെന്ന കാര്യം വ്യക്തമായി എഴുതിയോ ഓഡിയോ രൂപത്തിലോ ചിത്രമായോ കാണിക്കണം. ഉള്ളടക്കം ഏത് ഭാഷയിലാണോ അതേ ഭാഷയിലായിരിക്കണം അറിയിപ്പും വരേണ്ടത്. ഹാഷ്‌ടാ​ഗുകളിലോ ലിങ്കുകളിലോ കൂടികലർത്തുന്ന രീതിയിലാകരുതെന്നും മാർ​ഗരേഖയിൽ പറയുന്നു.

മാർ​ഗരേഖ ലംഘിച്ചാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് പത്ത് ലക്ഷം രൂപ ചുമത്താൻ വ്യവസ്ഥയുണ്ട്. ലംഘനം ആവർത്തിച്ചാൽ 50 ലക്ഷം രൂപ വരെ പിഴ അടയ്ക്കേണ്ടതായി വരും. കൂടാതെ ബ്രാൻഡ് പ്രമോഷൻ നടത്തുന്ന വ്യക്തിയെ മൂന്ന് വർഷം വരെ വിലക്കാനും മാർ​ഗരേഖയിൽ പറയുന്നു. സെലിബ്രിറ്റികൾ സോഷ്യൽമീഡിയ താരങ്ങൾക്ക് പുറമേ കാർട്ടൂൺ കഥാപാത്രങ്ങൾ അടക്കമുള്ള വെർച്വൽ ഇൻഫ്ലുവൻസേഴ്സിനും മാർ​ഗരേഖ ബാധകമാണ്.