
കേന്ദ്രം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഗവർണർമാരെ ആയുധമാക്കുന്നു; ഇത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കാനാവില്ല; ഹിന്ദു രാഷ്‌ട്രീയമായി ഇന്ത്യയെ മാറ്റാനുള്ള നീക്കത്തെ ശക്‌തമായി ചെറുക്കും; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി
സ്വന്തം ലേഖകൻ
ചെന്നൈ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി. കേരളവും തമിഴ്‌നാടും ഉൾപ്പടെ ബിജെപി ഇതര സംസ്‌ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ജനാധിപധ്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് കനിമൊഴി തുറന്നടിച്ചു. ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുക ആയിരുന്നു കനിമൊഴി.
ബിജെപി ഭരണം ഇല്ലാത്ത സംസ്‌ഥാനങ്ങളിലെ സർക്കാരുമായി ഏറ്റുമുട്ടാൻ കേന്ദ്ര സർക്കാർ ഗവർണറെ ആയുധമാക്കുകയാണെന്നും കനിമൊഴി വിമർശിച്ചു. ബിജെപി ഇതര സംസ്‌ഥാനങ്ങളിലെ സർക്കാരുകളെ താഴെയിറക്കാൻ കേന്ദ്ര പല അടവുകളും പയറ്റുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെ ഉദ്ധാഹരണമാണ് ഗവർണർമാരെ ഉപയോഗിച്ചുള്ളതെന്നും അവർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

”കേന്ദ്രം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഗവർണർമാരെ ആയുധമാക്കുകയാണ്. ഗവർണർമാർ സംസ്‌ഥാനത്തെ ജനങ്ങൾക്കിടയിൽ സ്‌പർധ ഉണ്ടാക്കാൻ ശ്രമിക്കുന്നു. മുമ്പൊന്നും ഇല്ലാത്ത രീതിയിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ പ്രവർത്തിക്കുന്നു.
ജനാധിപത്യ രാജ്യത്ത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ പ്രവർത്തിക്കാൻ ഗവർണർമാർക്ക് അധികാരം ഇല്ലെന്നിരിക്കെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്”-കനിമൊഴി പറഞ്ഞു.
ജനാധിപത്യ വിരുദ്ധമായ കാര്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സമയമാണിത്. ഇനിയും ഇത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കാനാവില്ല. ഇതിന് പരിഹാരം കണ്ടേ മതിയാകൂ. ഹിന്ദു രാഷ്‌ട്രീയമായി ഇന്ത്യയെ മാറ്റാനുള്ള നീക്കത്തെ ശക്‌തമായി ചെറുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ ജനവിധി ഉണ്ടാകുമെന്നും തമിഴ്‌നാട്ടിൽ ഡിഎംകെ തൂത്തുവാരുമെന്നും കനിമൊഴി കൂട്ടിച്ചേർത്തു.