കേരളത്തെ തൊടാതെ ബജറ്റ്; പ്രത്യേക പ്രഖ്യാപനങ്ങള്‍ ഇല്ല; എംയിസ് പ്രഖ്യാപനമില്ല; ജിഎസ്ടിയുടെ 60% വിഹിതം നല്‍കണമെന്ന ആവശ്യം പരിഗണിച്ചില്ല
സ്വന്തം ലേഖിക
ന്യൂഡൽഹി; കേരളത്തെ തൊടാതെ നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്.
പ്രത്യേക പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ല. സ്കില്‍ സെന്‍ററുകളില്‍ ഒന്ന് തിരുവല്ലയില്‍ സ്ഥാപിക്കും. അസംസ്കൃത റബറിന്‍റെ ഇറക്കുമതി തീരുവ കൂട്ടിയത് കേരളത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരി റെയില്‍പാതയുടെ അടിസ്ഥാന സൗകര്യവികസനത്തിന് പണം നല്‍കും .സംസ്ഥാനങ്ങള്‍ക്കുള്ള പലിശരഹിത വായ്പയിലൂടെ ലഭിക്കുന്ന തുകയും കേന്ദ്രാവിഷ്കൃത പദ്ധതികളും മാത്രമാണ് കേരളത്തനുള്ളത്.
എംയിസ് പ്രഖ്യാപനമില്ല. പിരിക്കുന്ന ജിഎസ്ടിയുടെ 60% വിഹിതം നല്‍കണമെന്ന ആവശ്യം പരിഗണിച്ചില്ല .സംസ്ഥാനം മുന്നോട്ട് വച്ച പ്രത്യേക പാക്കേജ് അടക്കമുള്ളവയിലും ബജറ്റ് മൗനം പാലിക്കുന്നു.
കശുവണ്ടി മേഖലയ്ക്കും ബജറ്റില്‍ പ്രത്യേക പാക്കേജില്ല.
കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് ഇടത് പക്ഷ അംഗങ്ങള്‍ ഡൽഹിയില്‍ പ്രതികരിച്ചു. കേന്ദ്ര ബജറ്റില്‍ ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നടപടിയില്ലെന്നും കര്‍ഷകര്‍ക്ക് സഹായം നല്‍കിയില്ലെന്നും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ കേന്ദ്ര സര്‍ക്കാരിലെ ഒഴിവുകള്‍ നികത്താനോ ഉള്ള പദ്ധതികളില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
രാസവള സബ്സിഡി കുറച്ചുവെന്നാണ് ഇടത് എംപി ബിനോയ് വിശ്വം വിമര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണിത്. ഭക്ഷ്യ സബ്സിഡിയിലും കുറവ് വരുത്തി. ഭക്ഷ്യവസ്തുക്കള്‍ കുറഞ്ഞ നിലയ്ക്ക് ലഭിക്കുന്ന സാഹചര്യം ഒഴിവാക്കി. കാര്‍ഷിക മേലയ്ക്ക് കാര്യമായ സഹായം ഇല്ല. കര്‍ഷകര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതിയിലും തൂക വകയിരുത്തിയത് കുറച്ചുവെന്നും അവര്‍ വിമര്‍ശിച്ചു.
തൊഴിലുറപ്പ് പദ്ധതിയെ ദയാവധത്തിന് വിധേയമാക്കുകയാണെന്നായിരുന്നു ഇടത് എംപിമാരുടെ മറ്റൊരു വിമര്‍ശനം. തൊഴിലാളി ക്ഷേമം ഒഴിവാക്കിയാണ് പ്രഖ്യാപനം. കേരളത്തിന് കടുത്ത നിരാശയാണ് ഉണ്ടായിരിക്കുന്നത്. ബി ജെ പി സര്‍ക്കാരിന്റെ വര്‍ഗ നയങ്ങള്‍ പ്രതിഫലിക്കുന്ന കണ്‍കെട്ട് വിദ്യയുടെ ബജറ്റാണെന്ന് എ എ റഹീം വിമര്‍ശിച്ചു. തൊഴില്‍ ഇല്ലായ്മയെ കുറിച്ച് ഒരു അക്ഷരം പറയുന്നില്ല.
കേന്ദ്ര സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തുന്നതിനെ കുറിച്ച് പറയുന്നില്ല. പുതുതലമുറയുടെ ജീവിത ചെലവ് കൂട്ടുന്ന ബജറ്റാണെന്നും ഭാവി ഇന്ത്യയ്ക്ക് വേണ്ടി ബജറ്റില്‍ ഒന്നുമില്ലെന്നും എ എ റഹീം വിമര്‍ശിച്ചു.