
ന്യൂഡൽഹി: രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസ് 2027ൽ രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്ന് സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ അറിയിച്ചു. വിവരശേഖരണത്തിന് മൊബൈൽ ആപ്പും സെൽഫ് എൻമറേഷൻ പോർട്ടലും ഒരുക്കിയിട്ടുണ്ട്.
കേരളത്തിൽ ആദ്യഘട്ടം ജൂണിൽ ആരംഭിക്കും. ജൂൺ 16 മുതൽ 30 വരെ സെൽഫ് എൻമറേഷൻ നടത്താം. ജൂലൈ 1 മുതൽ 30 വരെ ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. ആദ്യഘട്ടത്തിൽ ഭവന സെൻസസ് നടത്തും. വീടുകളുടെ സൗകര്യങ്ങൾ, ആസ്തികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ഉൾപ്പെടുക.
രണ്ടാം ഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പ് നടക്കും. വ്യക്തികളുടെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലം, സാമ്പത്തിക നില, കുടിയേറ്റം, ജനനനിരക്ക് തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. ജാതി സെൻസസും ഈ ഘട്ടത്തിലായിരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെൻസസിനായി 11,718.24 കോടി രൂപ അനുവദിച്ചതായി കേന്ദ്രം അറിയിച്ചു. വിവരങ്ങൾ പൂർണമായും രഹസ്യമായിരിക്കും. ആർടിഐ പ്രകാരം ലഭ്യമാക്കാനോ കോടതിയിൽ തെളിവായി ഉപയോഗിക്കാനോ സാധിക്കില്ല. ഒരു രേഖയും സമർപ്പിക്കേണ്ടതില്ല.
31 ലക്ഷം എൻമറേറ്റർമാരെ നിയോഗിക്കും. 16 ഭാഷകളിൽ മൊബൈൽ ആപ്പും 19 ഭാഷകളിൽ മാർഗനിർദേശവും ലഭ്യമാകും. ലിവിംഗ് ടുഗദർ ദമ്പതികളെ വിവാഹിതരായി പരിഗണിക്കുമെന്നും ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ കുറിച്ച് തീരുമാനം ഉണ്ടായിട്ടില്ലെന്നും കമ്മീഷണർ വ്യക്തമാക്കി.



