
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നതിനുള്ള മാർഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേരള പോലീസ്.
ആഹ്ലാദ പ്രകടനങ്ങള്‍ അതിരുവിട്ടാല്‍ പണികിട്ടുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. നിര്‍ദേശങ്ങള്‍ അണികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പാര്‍ട്ടി നേതാക്കളുടെ ഉത്തരവാദിത്വമാണെന്നും പോലീസ് അറിയിച്ചു.
കുട്ടികളെ വിജയാഹ്ലാദ പ്രകടനങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നും പോലീസ് നിര്‍ദേശിച്ചു. വോട്ടെണ്ണല്‍ ദിവസത്തെ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജുവിന്റെ അധ്യക്ഷതയില്‍ യോഗംചേര്‍ന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഹ്ലാദപ്രകടനം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവത്ത രൂപത്തിലും നിയമം പാലിച്ചും നടത്തണമെന്ന് യോഗത്തില്‍ ഡിവൈഎസ്പി ആവശ്യപ്പെട്ടു.
വിജയാഹ്ലാദപ്രകടനങ്ങള്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ഹൗസ് ഓഫീസറെ മുന്‍കൂട്ടി അറിയിക്കണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് ആറുവരെ മാത്രമേ വിജയാഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നതിന് അനുമതിയുള്ളൂ.
നിശ്ചിത സമയപരിധിക്കുശേഷം കാണുന്ന അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയും വാദ്യോപകരണങ്ങളും പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കും.
വിജയാഹ്ലാദ റാലികളില്‍ ഓഫ് റോഡ് വാഹനങ്ങള്‍, ബൈക്ക് സ്റ്റണ്ടിങ് എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. പരാജയപ്പെടുന്ന സ്ഥാനാര്‍ഥിയുടെ വീടിനുമുന്നിലോ അവരുടെ പാര്‍ട്ടി ഓഫീസിനുമുന്നിലോ നേതാക്കളുടെ വീടിനുമുന്നിലോ പോയിനിന്ന് വിജയാഹ്ലാദപ്രകടനം നടത്തുന്നതിനോ പടക്കം പൊട്ടിക്കുന്നതിനോ അനുമതിയില്ല.
ഇത്തരം സംഭവങ്ങളുണ്ടായാല്‍ ജാമ്യമില്ലാ വകുപ്പുകളിട്ട് കേസെടുക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.



