ബെംഗളൂരു: നഗരത്തിൽ വ്യത്യസ്‌ത കേസുകളിലായി ആറരക്കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. വിവിധ കേസുകളിലായി ഒൻപത് മലയാളികളെയും ഒരു വിദേശ പൗരനെയും പോലീസ് അറസ്റ്റ് ചെയ്‌തു.
ഇവരിൽനിന്ന് ലക്ഷക്കണക്കിന് രൂപയും മൊബൈൽഫോണുകളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. ബെംഗളൂരുവിൽ എൻജിനീയറായ മലയാളിയായ ജിജോ പ്രസാദ്(25) എന്നയാളിൽനിന്ന് ഒരു കിലോ ഹൈഡ്രോ കഞ്ചാവാണ് ആദ്യം പിടികൂടിയത്. ഇയാളുടെ ബൊമ്മസാന്ദ്രയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടരക്കിലോ ഹൈഡ്രോ കഞ്ചാവ് കൂടി കണ്ടെടുത്തു.
വീട്ടിൽനിന്ന് 26.06 ലക്ഷം രൂപയും മൊബൈൽഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളിൽനിന്ന് പിടികൂടിയ ഹൈഡ്രോ കഞ്ചാവിന് ഏകദേശം നാലരക്കോടി രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളിക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ബെംഗളൂരുവിൽ എൻജിനീയറായി ജോലിചെയ്യുന്ന ജിജോ പ്രസാദ് കേരളത്തിൽനിന്നാണ് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്‌തുക്കൾ ബെംഗളൂരുവിലേക്ക് എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈഡ്രോ കഞ്ചാവ് ഗ്രാമിന് 12,000 രൂപ വരെ ഈടാക്കിയാണ് വിൽപ്പന നടത്തിയിരുന്നത്. ബൊമ്മസാന്ദ്രയിലെ വാടകവീട് കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് വിൽപ്പന നടന്നിരുന്നതെന്നും പോലീസ് പറഞ്ഞു.
മറ്റൊരു കേസിൽ 110 ഗ്രാം എംഡിഎംഎയുമായി മലയാളികളായ എട്ടുപേരെയും ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. ഇവരിൽനിന്ന് 10 മൊബൈൽഫോണുകൾ, ടാബ്, ത്രാസ്, രണ്ട് കാറുകൾ എന്നിവയും പിടിച്ചെടുത്തു.
രണ്ടുകോടി രൂപയുടെ എംഡിഎംഎയുമായി ഒരു വിദേശപൗരനും ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. 2012-ൽ ബിസിനസ് വിസയിൽ ഇന്ത്യയിലെത്തിയ നൈജീരിയൻ പൗരനാണ് അറസ്റ്റിലായത്. ബെംഗളൂരു ബേഗൂർ സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന ഇയാൾ കോളേജ് വിദ്യാർഥികൾക്കും ഐടി ജീവനക്കാർക്കുമാണ് ലഹരിമരുന്ന് വിറ്റിരുന്നത്. വിസാ കാലാവധി കഴിഞ്ഞിട്ടും വ്യാജരേഖകൾ ഉപയോഗിച്ചാണ് ഇയാൾ ഇന്ത്യയിൽ താമസിച്ചുവന്നിരുന്നതെന്നും പോലീസ് പറഞ്ഞു.