
നാട്ടിക നിയോജക മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുറച്ച് സിസി മുകുന്ദൻ മുന്നോട്ട്. ആര് സഹായിച്ചാലും ഇല്ലെങ്കിലും താൻ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ചർച്ചയ്ക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് പോകുന്നത് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുകുന്ദനെ പിന്തുണക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം.
മുകുന്ദൻ വിമതനായി മത്സരിച്ചാല്‍ സിപിഐ സ്ഥാനാർത്ഥിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ഭിന്നിക്കുമെന്നും അതുവഴി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജയിക്കാമെന്നുമാണ് വിലയിരുത്തല്‍. ഇതിൻ്റെ ഭാഗമായി സുനില്‍ ലാലൂർ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് വിവരം.
നാട്ടികയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി സി.കെ വിനോദിനെയും പരിഗണിക്കുന്നുണ്ട്. മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കട്ടേയെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പൊതു അഭിപ്രായം കെപിസിസിയെ അറിയിച്ചിട്ടുണ്ട്. കെപിസിസി ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കും. സ്ഥാനാർത്ഥി നിർണയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് തീരുമാനമെടുക്കുന്നത്. അതിനിടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരില്‍ സിപിഐയില്‍ നിന്ന് കഴിഞ്ഞ ദിവസം സിസി മുകുന്ദനെ പുറത്താക്കിയിരുന്നു. മണ്ഡലത്തില്‍ മുകുന്ദന് പകരം മുൻ എംഎല്‍എ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയായി സിപിഐ നേതൃത്വം പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗീതാ ഗോപിയുടേത് ‘പെയ്‌മെന്റ് സീറ്റ്’ എന്ന് വിമർശിച്ച സിസി മുകുന്ദൻ, പണം പിരിച്ചു നല്‍കാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും ആരോപിച്ചു. ആദ്യ ഘട്ടത്തില്‍ മുകുന്ദനെ പിന്തുണക്കാൻ കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ചിരുന്നെങ്കിലും ഇപ്പോള്‍ അവർ പിന്മാറുന്നത് മുകുന്ദന് തിരിച്ചടിയാണ്. ബിജെപി നേതൃത്വവും സിസി മുകുന്ദന് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും മത്സരിക്കുമോയെന്ന ഇത് സ്വീകരിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.



