
കോട്ടയം: കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സി.ബി.എസ്.ഇ. സംസ്ഥാന കലോത്സവത്തിന് മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളില്‍ തുടക്കമായി.
ജോസ് കെ. മാണി എം.പി. കലോത്സവം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സിലബസിലെയും സി.ബി.എസ്.ഇ.യിലെയും കലോത്സവങ്ങള്‍ ഒന്നിച്ച് ഒരു വേദിയില്‍ നടത്തുന്നതിനെപ്പറ്റി സംസ്ഥാന സർക്കാരും സ്കൂള്‍ മാനേജ്‌മെന്റുകളും ചിന്തിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജോസ് കെ. മാണി എം.പി. ആവശ്യപ്പെട്ടു.
“രണ്ട് സിലബസുകളിലെയും കലാ പ്രതിഭകള്‍ ഒന്നിച്ച് മത്സരിക്കുമ്ബോഴാണ് യഥാർത്ഥ പ്രതിഭകളെ തിരിച്ചറിയാൻ സാധിക്കുക. അത്തരത്തില്‍ കൂട്ടായ്മയിലൂടെ സമൂഹത്തില്‍ കൂടുതല്‍ ശക്തമായ കലാ പ്രതിഭകള്‍ ഉണ്ടാകും. കല മനുഷ്യന്റെ ആത്മാവിന്റെ ഭാഗമാണ്. കലയ്ക്ക് മതമില്ല, ജാതിയില്ല, രാഷ്ട്രീയമില്ല. അത്രമാത്രം ശക്തി കലയ്ക്കുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനായിരത്തിലധികം വിദ്യാർത്ഥികളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. 140 ഇനങ്ങളിലായി 35 വേദികളാണ് മത്സരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ സന്തോഷ് ജോർജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി.
ലേബർ ഇന്ത്യ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ജോർജ് കുളങ്ങര, പ്രിൻസിപ്പാള്‍ സുജ കെ. ജോർജ്, മാനേജിംഗ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര, കോണ്‍ഫെഡറേഷൻ ഓഫ് സഹോദയാ പ്രസിഡന്റ് ജോജി പോള്‍, സ്റ്റീം അക്കാദമി പ്രസിഡന്റ് ഡോ. എ.പി. ജയരാമൻ, ജനറല്‍ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ, കോർ കമ്മിറ്റി കണ്‍വീനർ ബെന്നി ജോർജ്, ഫാ. ജോർജ് പുഞ്ചയില്‍ എന്നിവർ സംസാരിച്ചു.




