10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷയെഴുതാനുള്ള മാനദണ്ഡം കർശനമാക്കി സിബിഎസ്ഇ; വൈകി ചേരുക, ഫൗണ്ടേഷൻ ക്ലാസുകൾ ഒഴിവാക്കുക തുടങ്ങിയ കുറുക്കുവഴികൾ ഒഴിവാക്കാനും നടപടി

Spread the love

ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ യോഗ്യതാ കൂടുതൽ മാനദണ്ഡങ്ങൾ കർശനമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ) പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു.

പുതിയ വിജ്ഞാപനത്തിൽ, അക്കാദമിക്, ഹാജർ മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു വിദ്യാർത്ഥിയെയും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) ഓപ്പൺ, ഡിസ്റ്റൻസ് ലേണിംഗ് മാതൃകയിൽ പ്രവർത്തിക്കുമ്പോൾ സിബിഎസ്ഇ സ്കൂൾ ചട്ടക്കൂടിലൂടെയാണ് പ്രവർത്തിക്കുന്നതെന്ന് നിർദേശത്തിൽ പറയുന്നു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ശരിയായ നടത്തിപ്പ് ഉറപ്പാക്കുന്നതിനാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും ഇനി മുതൽ രണ്ട് വർഷത്തെ പഠനപ്രോഗ്രാമുകളായി പരിഗണിക്കുമെന്ന് സിബിഎസ്ഇ ഔദ്യോഗികമായി അറിയിച്ചു. അതായത് ഒൻപതാം ക്ലാസും പത്താം ക്ലാസും രണ്ട് വർഷത്തെ കോഴ്സാക്കി പരിഗണിച്ചായിരിക്കും പത്താം ക്ലാസ് പൊതുപരീക്ഷ നടത്തുക. പതിനൊന്നാം ക്ലാസും പന്ത്രണ്ടാം ക്ലാസും ഒരുമിച്ച് 12-ാം ക്ലാസ് പരീക്ഷയ്ക്കുള്ള മാനദണ്ഡമാകും. ബോർഡ് ക്ലാസുകളിൽ എടുക്കുന്ന ഏതൊരു വിഷയവും തുടർച്ചയായി രണ്ട് വർഷം പഠിച്ചിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വൈകി ചേരുക, ഫൗണ്ടേഷൻ ക്ലാസുകൾ ഒഴിവാക്കുക തുടങ്ങിയ കുറുക്കുവഴികൾ ഒഴിവാക്കാനും നടപടി ഉണ്ടായിരിക്കും. ഇത്തരം വിദ്യാർത്ഥികളെ അയോഗ്യരാക്കും. ബോർഡ് പരീക്ഷകൾ എഴുതാനുള്ള പ്രധാന യോ​ഗ്യതയായി വിദ്യാർത്ഥികൾക്ക് കുറഞ്ഞത് 75 ശതമാനം ഹാജർ നിർബന്ധമാക്കുമെന്നും ബോർഡ് വ്യക്തമാക്കി. ഹാജർ സൂക്ഷ്മമായി നിരീക്ഷിക്കും. കൂടാതെ സ്കൂളുകൾ ദൈനംദിന രജിസ്റ്ററുകൾ സൂക്ഷിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ അടിയന്തരാവസ്ഥകൾ, വിയോഗങ്ങൾ, അല്ലെങ്കിൽ ദേശീയ തലത്തിൽ കായിക, സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കൽ തുടങ്ങിയ അത്യപൂർവ സാഹചര്യങ്ങളിൽ മാത്രമേ 25 ശതമാനം വരെ ഇളവ് അനുവദിക്കൂ. ഇതിനും സാധുവായ രേഖകൾ സമർപ്പിക്കണം. ഹാജർ മാനദണ്ഡം പാലിച്ചില്ലെങ്കിൽ വിദ്യാർഥികളെ അയോഗ്യരായി കണക്കാക്കും. ഇന്റേണൽ അസസ്മെന്റ് ഒഴിവാക്കാനാവില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. എൻഇപി-2020 അനുസരിച്ച്, ഇന്റേണൽ അസസ്മെന്റ് ഇനി ഒരു ഓപ്ഷണൽ ആഡ്-ഓൺ അല്ലെന്നും തുടർച്ചയായ വിലയിരുത്തൽ സംവിധാനമാണെന്നും നിർദേശത്തിൽ പറയുന്നു. രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്ന വിലയിരുത്തലിൽ ആനുകാലിക പരിശോധനകൾ, പ്രോജക്ടുകൾ, ക്ലാസ് മുറിയിലെ പങ്കാളിത്തം എന്നിവ ഉൾപ്പെടും. ഇന്റേണൽ അസസ്മെന്റ് രേഖകൾ ഇല്ലാതെ, സിബിഎസ്ഇ ഫലം പ്രഖ്യാപിക്കില്ല. കൂടാതെ അത്തരം വിദ്യാർത്ഥികൾ തിയറി പരീക്ഷ എഴുതിയാലും എസൻഷ്യൽ റിപ്പീറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തും.

അധിക വിഷയങ്ങൾക്ക് സിബിഎസ്ഇ കർശനമായ നിയമങ്ങൾ രൂപപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നിർബന്ധിത അഞ്ച് വിഷയങ്ങൾക്ക് പുറമേ രണ്ട് അധിക വിഷയങ്ങൾ തിരഞ്ഞെടുക്കാം. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഒരു അധിക വിഷയം മാത്രമേ എടുക്കാൻ കഴിയൂ. ഈ വിഷയങ്ങളും രണ്ട് വർഷത്തെ പ്രോഗ്രാമിലുടനീളം പഠിച്ചിരിക്കണം. കൂടാതെ, അംഗീകാരമില്ലാതെ വിഷയങ്ങൾ നൽകുന്നതിനെതിരെ ബോർഡ് അഫിലിയേറ്റഡ് സ്കൂളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു സ്കൂളിൽ യോഗ്യതയുള്ള അധ്യാപകരോ, ലബോറട്ടറികളോ, സിബിഎസ്ഇയുടെ ഔപചാരിക അനുമതിയോ ഇല്ലെങ്കിൽ, മെയിൻ അല്ലെങ്കിൽ അഡീഷണൽ പേപ്പറുകൾ പോലുള്ള വിഷയങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ വിദ്യാർത്ഥികളെ അനുവദിക്കില്ല. മുമ്പ് അധിക വിഷയങ്ങൾ തെരഞ്ഞെടുത്ത് കമ്പാർട്ട്മെന്റ് അല്ലെങ്കിൽ എസൻഷ്യൽ റിപ്പീറ്റ് വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് വിദ്യാർഥികളായി രജിസ്റ്റർ ചെയ്യാം. എന്നാൽ, രണ്ട് വർഷത്തെ പഠന, ഹാജർ മാനദണ്ഡങ്ങൾ പാലിക്കാത്ത വിദ്യാർത്ഥികൾക്ക് സ്വകാര്യ വിദ്യാർഥികളായി അധിക വിഷയങ്ങൾ എടുക്കാൻ സാധിക്കില്ല