
കണ്ണൂർ: എ.ഡി.എം. ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി.
എസ്‌ഐടിയുടെ അന്വേഷണം കണ്ണൂർ റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തിലാകണം.. റേഞ്ച് ഡിഐജിയുടെ അനുമതിയോടെ മാത്രമേ കേസിന്റെ കുറ്റപത്രം സമർപ്പിക്കാൻ പാടുള്ളൂ എന്നീ
നിർദേശങ്ങളോടെയാണ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളിയത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയില്‍ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിധി പറഞ്ഞത്. ഹൈക്കോടതി വിധി തൃപ്തികരമല്ലെന്ന് അറിയിച്ച മഞ്ജുഷ, അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കി.
ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി.ദിവ്യയാണ് ആത്മഹത്യാപ്രേരണക്കേസിലെ പ്രതി. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിച്ച് ദിവ്യ പ്രസംഗിച്ചിരുന്നു. പിറ്റേന്ന്, ഒക്ടോബർ 15-ന് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലാണ് നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണത്തില്‍ തുടക്കം മുതലേ ദുരൂഹത ആരോപിച്ചിരുന്ന നവീൻ ബാബുവിന്റെ കുടുംബം, മരണം കൊലപാതകമാണെന്ന സംശയമാണ് ഹർജിയില്‍ ഉന്നയിച്ചത്. ദിവ്യയുടെ രാഷ്ട്രീയസ്വാധീനം കാരണം പോലീസ് ശരിയായ അന്വേഷണം നടത്തില്ലെന്നാണ് ആരോപണം.
തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവീൻ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തക്കറ പോലീസ് അവഗണിച്ചതും ഇൻക്വസ്റ്റ് തിടുക്കത്തില്‍ നടത്തിയതും സംശയകരമാണെന്ന വാദവും ഹർജിയിലുണ്ട്. കോടതി നിർദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ. വ്യക്തമാക്കിയിരുന്നു. ആരോപണത്തിനപ്പുറം തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നാണ് ഹർജിയെ എതിർത്തുള്ള സർക്കാർവാദം.
നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടിയെങ്കിലും സി.ബി.ഐ. അന്വേഷണത്തെ പിന്തുണയ്ക്കില്ലെന്ന് നേതൃത്വം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ. ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജൻസികളെക്കുറിച്ചുള്ള പൊതുനിലപാടിന്റെ ഭാഗമാണിതെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉള്‍പ്പെടെയുള്ളവർ വിശദീകരിച്ചത്. നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ.ക്ക് വിട്ടാല്‍ അത് സി.പി.എമ്മിന് ക്ഷീണം ചെയ്യുമെന്നാണ് നിഗമനം.