play-sharp-fill
ആയുർവ്വേദ ചികിത്സയ്ക്കായി കേരളത്തിലെത്തി : കേരളവും, മലയാളവും, നമ്മുടെ സംസ്‌കാരവും ഓസ്‌ട്രേലിയക്കാരിക്ക് പിടിച്ചു ; മലയാളം പഠിക്കാൻ തയ്യാറെടുത്ത് കാതറിൻ

ആയുർവ്വേദ ചികിത്സയ്ക്കായി കേരളത്തിലെത്തി : കേരളവും, മലയാളവും, നമ്മുടെ സംസ്‌കാരവും ഓസ്‌ട്രേലിയക്കാരിക്ക് പിടിച്ചു ; മലയാളം പഠിക്കാൻ തയ്യാറെടുത്ത് കാതറിൻ

സ്വന്തം ലേഖിക

കൊച്ചി: മലയാളികൾ പലരും മലയാളം മറന്ന് തുടങ്ങിയപ്പോൾ എൺപതുകാരിയായ ഓസ്‌ട്രേലിയൻ വനിത കാതറിൻ, കേരളത്തിന്റെ ഭാഷയെയും സംസ്‌കാരത്തെയും കുറിച്ചു പഠിക്കാൻ വേണ്ടി മാത്രം കേരളത്തിൽ താമസിക്കുന്നു. ആയുർവ്വേദ ചികിത്സയ്ക്കായാണ് കാതറിൻ കേരളത്തിലെത്തിയത്. കഴിഞ്ഞ ജനുവരി മുതൽ മൂന്നു മാസം അവർ കേരളത്തിലുണ്ടായിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞതോടെ പിന്നെ സിങ്കപ്പൂരിൽ മകന്റെയടുത്തേക്കു പോയി. വൈകാതെ വിസ പുതുക്കി മടങ്ങിയെത്തുകയും ചെയ്തു. ആ രണ്ടാം വരവിന് പിന്നിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളം പഠിക്കണം.തന്റെ നാട്ടിലെ യാത്രാ സംഘത്തോടൊപ്പമാണ് കാതറിൽ ആയുർവ്വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയത്. ചികിത്സ കഴിഞ്ഞ് ചെറായി ബീച്ച് കാണാൻ വന്നു. അതിനകം ആയുർവേദവും കേരളത്തിന്റെ കലയും സംസ്‌കാരവും കേരളത്തിലെ കുടുംബ ജീവിതവുമൊക്കെ അവരെ വല്ലാതെ ആകർഷിച്ചിരുന്നു. 20 വർഷമായി സാക്ഷരതാ മിഷന്റെ പ്രേരക് ആയി പ്രവർത്തിക്കുന്ന ചെറായി കണ്ണാത്തിശ്ശേരി കെ.ബി. രാജീവിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പമായിരുന്നു കാതറിന്റെ താമസം. മലയാളം പഠിച്ചാലേ സംസ്‌കാരത്തെ പൂർണമായും മനസ്സിലാക്കാനാവൂ എന്ന വിശ്വാസമാണ് അവർക്കുള്ളത്. രാജീവ് മലയാളം പഠിപ്പിക്കുന്നയാളാണെന്നു മനസ്സിലായതോടെ അദ്ദേഹത്തിന്റെ സഹായം തേടുകയായിരുന്നു. അങ്ങനെ കാതറിൻ സാക്ഷരതാ മിഷനിൽ പേര് രജിസ്റ്റർ ചെയ്ത് മലയാള പഠനം ആരംഭിച്ചു. അക്ഷരങ്ങൾ വായിക്കാനും എഴുതാനുമൊക്കെ ഇപ്പോൾ കാതറിനറിയാം. വാക്കുകളും അർഥവും പഠിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. രാവിലെയും വൈകുന്നേരവും എഴുതിയും വായിച്ചും പരിശീലനം നടത്തും. ഇതോടൊപ്പം വീട്ടിൽ നിത്യം ഉപയോഗിക്കുന്ന മലയാള പദങ്ങൾ, അർഥം ചോദിച്ചു മനസ്സിലാക്കി പ്രയോഗിക്കുന്നുമുണ്ട്. വീട്ടിൽ മറ്റുള്ളവർ പറയുന്നതുപോലെ ‘എനിക്ക് ചായ വേണം’ എന്നു മലയാളത്തിൽ തന്നെയാണവർ പറയുന്നത്.യാത്രകൾക്കിടയിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമകൾ കണ്ട് അന്വേഷിച്ച കാതറിൻ പിന്നെ ഇന്റർനെറ്റ് പരതി ഗുരുദേവന്റ ജീവിതത്തെയും ആശയത്തെയും കുറിച്ച് അറിഞ്ഞു. ശിവഗിരിയിൽ പോകണമെന്ന ആഗ്രഹത്തിലാണിപ്പോൾ ഈ എൺപതുകാരി. കേരളീയ വസ്ത്രങ്ങൾ ധരിക്കാനും കേരളീയ ഭക്ഷണം കഴിക്കാനുമാണിപ്പോൾ ഇഷ്ടം.’മലയാളത്തെയും മലയാളികളെയും ഈ സംസ്‌കാരത്തെയും അറിയണം. ഇടയ്ക്ക് നാട്ടിൽ പോകേണ്ടി വന്നാലും ഞാൻ വീണ്ടും വരും, അതറിയാനായി” – കാതറിൻ പറയുന്നു.