എംഡിഎംഎ കേസിൽ പിടിയിലായ പ്രതിയുടെ പഴ്സിലുണ്ടായിരുന്ന പണം പോലീസ് സ്റ്റേഷനില്‍നിന്ന് കാണാതായി; എസ്ഐക്കെതിരേ അന്വേഷണം

Spread the love

കോഴിക്കോട്: എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍നിന്ന് കാണാതായ സംഭവത്തില്‍ എസ്ഐയെ തത്സ്ഥാനത്തുനിന്ന് സ്ഥലംമാറ്റി അന്വേഷണംതുടങ്ങി. കോഴിക്കോട് റൂറലിലെ നാദാപുരം സബ് ഡിവിഷനിലുള്‍പ്പെട്ട ഒരു സ്റ്റേഷനില്‍ രണ്ടാഴ്ച മുന്‍പാണ് സംഭവം.

video
play-sharp-fill

എസ്ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘമാണ് എംഡിഎംഎയുമായി നേരത്തേ യുവാവിനെ പിടികൂടിയത്. പിടിയിലായ ആളുടെ പഴ്സിലുണ്ടായിരുന്ന 15,000 രൂപയില്‍ 4500 രൂപ മാത്രമേ തൊണ്ടിമുതലുകള്‍ ചേര്‍ക്കുന്ന മഹസറില്‍ രേഖപ്പെടുത്തിയുള്ളൂവെന്നാണ് ആക്ഷേപമുണ്ടായത്.

എംഡിഎംഎയുമായി അറസ്റ്റിലായ ആളുടെ പരാതിയെത്തുടര്‍ന്നാണ് എസ്ഐക്കെതിരേ അന്വേഷണമാരംഭിച്ചത്. തന്റെ പണം മുഴുവനായും മഹസറില്‍ കാണിച്ചില്ലെന്ന് സ്റ്റേഷന്‍ എസ്എച്ച്ഒകൂടിയായ ഇന്‍സ്‌പെക്ടറോട് പ്രതി പരാതിപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ പോലീസ് ഓഫീസര്‍ മുന്‍പും ആരോപണവിധേയനാണ്. ആരോപണമുണ്ടായതോടെ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റൂറല്‍ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.

ഇതിന്റെ അടിസ്ഥാനത്തില്‍ എസ്ഐയെ സ്റ്റേഷന്‍ ചുമതലയില്‍നിന്ന് ഡിസ്ട്രിക്ട് ക്രൈം റെക്കോഡ് ബ്യൂറോയിലേക്ക് റൂറല്‍ എസ്പി മാറ്റിനിയമിച്ചിട്ടുമുണ്ട്. ഇതിനുപുറമേയാണ് ഡിവൈഎസ്പിയുടെ അന്വേഷണം. ഇതുസംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് നഗരത്തില്‍ ഒരു സ്റ്റേഷനില്‍ എസ്ഐയായിരിക്കെ കേസന്വേഷണത്തിന് പ്രതിഫലമായി വ്യാപാരിയില്‍നിന്ന് വാച്ച് വാങ്ങിയെന്ന് ആരോപണമുണ്ടായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ തനിക്ക് വാച്ച് നല്‍കിയത് ഒരു ബന്ധുവാണെന്നും അത് അയാള്‍ക്കുതന്നെ തിരിച്ചുനല്‍കിയെന്നും എസ്ഐ മൊഴിനല്‍കി. താന്‍ വാച്ചൊന്നും എസ്ഐക്ക് നല്‍കിയിട്ടില്ലെന്ന് വ്യാപാരിയും മൊഴികൊടുത്തു. ഇതോടെ ഈ സംഭവത്തില്‍ തുടരന്വേഷണം നിലയ്ക്കുകയായിരുന്നു.

താമരശേരി സബ് ഡിവിഷനുകീഴില്‍ എസ്ഐയായിരിക്കെ മണ്ണുമാന്തിയന്ത്രമിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന് എസ്ഐയെ സസ്‌പെന്‍ഡുചെയ്തിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തിയന്ത്രം ഡ്രൈവര്‍ കടത്തിക്കൊണ്ടുപോവുകയും പകരം മറ്റൊരു മണ്ണുമാന്തിയന്ത്രം കൊണ്ടുവെക്കുകയുംചെയ്ത സംഭവത്തിലാണ് എസ്ഐയെ സസ്‌പെന്‍ഡുചെയ്തത്.