കാശ് ലാഭിക്കാൻ കാമുകിയെ സഹോദരിയാക്കി ; വിമാന ജീവനക്കാരനും പെൺസുഹൃത്തും പിടിയിൽ
സ്വന്തം ലേഖിക
കൊച്ചി: സൗജന്യ നിരക്കിൽ വിമാനടിക്കറ്റ് തരപ്പെടുത്താൻ കാമുകിയെ ആധാർ കാർഡിൽ സഹോദരിയാക്കി മാറ്റിയ വിമാന ജീവനക്കാരനും പെൺസുഹൃത്തും പിടിയിൽ. ഇൻഡിഗോ ജീവനക്കാരനായ ഭുവനേശ്വർ സ്വദേശി രാഗേഷ് (31), കാമുകി ഒഡിഷ സ്വദേശിനി രസ്മിത ബരാല (24) എന്നിവരാണ് സിഐഎസ്എഫിന്റെ പിടിയിലായത്.
വിമാന ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സൗജന്യ നിരക്കിൽ വിമാന യാത്രയ്ക്കായി ടിക്കറ്റ് ലഭിക്കും. ഈ അവസരം മുതലെടുത്താണ് രാജേഷ് ആധാർ കാർഡിൽ കാമുകിയെ സഹോദരിയാക്കിയത്. സഹോദരി രാധയുടെ ആധാർ കാർഡിൽ രസ്മിതയുടെ ഫോട്ടോ പതിപ്പിച്ച ശേഷം കളർ പ്രിന്റ് എടുക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശേഷം ഈ ടിക്കറ്റിൽ ഇരുവരും കേരളത്തിലെ മൂന്നാർ സന്ദർശിക്കാനായി എത്തി. തിരിച്ച് പോകുന്നതിനിടെ തിരിച്ചറിയൽ രേഖയിൽ സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും തട്ടിപ്പ് നടത്തിയതായി പുറത്തറിഞ്ഞത്. തിരിച്ചറിയൽ രേഖ പരിശോധിക്കുന്നതിനിടയിൽ യുവതിയുടെ പ്രായത്തിൽ സംശയം തോന്നിയതോടെയാണ് ചോദ്യം ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.