തലയോലപ്പറമ്പ് സ്വദേശിയെ കബളിപ്പിച്ച് വാഹനവും പണവും തട്ടി; കടുത്തുരുത്തി സ്വദേശി പോലീസ് പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: ആളുകളെ കബളിപ്പിച്ച് വാഹനവും പണവും തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കടുത്തുരുത്തി മാന്നാർ പൂഴിക്കോൽ ഭാഗത്ത് ക്രിസ്റ്റഫർ ഭവൻ വീട്ടിൽ ഷാജി സി.ജെ (61) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ തലയോലപ്പറമ്പ് സ്വദേശിയിൽ നിന്നും ആശുപത്രിയിൽ പോകുന്നതിനായി കാർ വേണമെന്ന് ആവശ്യപ്പെട്ട് മേടിച്ചു കൊണ്ടുപോയി തിരികെ നൽകാതെ ഒരു വർഷക്കാലമായി കബളിപ്പിച്ച് നടക്കുകയായിരുന്നു. ഇതുകൂടാതെ മുൻപ് മാന്നാറിലുള്ള വീട്ടമ്മയുടെ വസ്തു വിറ്റുകിട്ടിയ തുകയായ 20 ലക്ഷം രൂപ മറ്റൊരു വസ്തു വാങ്ങി തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് തട്ടിയെടുക്കുകയും ചെയ്ത കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
തലയോലപ്പറമ്പ് പള്ളികവല ഭാഗത്ത് സുവിശേഷ പ്രവർത്തനം നടത്തിവരുന്ന കാലയളവിൽ ആണ് ഇയാള്‍ വിശ്വാസികളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തി വന്നിരുന്നത്. തലയോലപ്പറമ്പ് സ്വദേശിയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ കോട്ടയത്ത് നിന്നും പിടികൂടുകയുമായിരുന്നു.
തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ ദീപു റ്റി.ആർ, എസ്. ഐ മാരായ സുദർശനൻ, സിവി എൻ.ജി, എ.എസ്.ഐ സുശീലൻ, സി.പി.ഓ മാരായ മുഹമ്മദ് ഷെബിൻ, പ്രിയ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.