
തിരൂർ: ബിസിനസ് പങ്കാളിയാകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് തിരൂർ സ്വദേശിയില്‍നിന്ന് ഒരുകോടി രൂപയും 125 പവനും തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍.
പടിഞ്ഞാറേക്കര സ്വദേശിനി സജ്ന(ഷീന, 40)യെയാണ് തിരൂർ പോലീസ് പിടികൂടിയത്. തട്ടിപ്പിന് കേസെടുത്തതോട കഴിഞ്ഞ മൂന്നുവർഷമായി വിവിധയിടങ്ങളില്‍ ഒളിവില്‍കഴിഞ്ഞുവരികയായിരുന്നു യുവതി.
2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പലതവണകളായാണ് തിരൂർ സ്വദേശിയില്‍നിന്ന് യുവതി പണവും സ്വർണവും കൈക്കലാക്കിയത്. തിരൂർ സ്വദേശി ആരംഭിക്കാനിരുന്ന റൈസ്മില്‍ ബിസിനസില്‍ പങ്കാളിയാകാമെന്ന് പറഞ്ഞാണ് സജ്ന പരാതിക്കാരനെ സമീപിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, പണം ട്രഷറിയില്‍ കുടുങ്ങികിടക്കുകയാണെന്നും ആദായനികുതി വകുപ്പിന്റെ ക്ലിയറൻസ് ലഭിക്കാത്തതിനാല്‍ ഇത് പിൻവലിക്കാനാകില്ലെന്നും പറഞ്ഞ് പ്രതി ഇദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു. ആദായനികുതി വകുപ്പില്‍നിന്നുള്ള പ്രശ്നങ്ങള്‍ തീർക്കാതെ പണം കിട്ടില്ലെന്നും പറഞ്ഞു. തുടർന്ന് ഈ തടസങ്ങള്‍ നീക്കാനെന്ന് പറഞ്ഞാണ് പലഘട്ടങ്ങളായി പരാതിക്കാരനില്‍ നിന്ന് ഒരുകോടി രൂപയും 125 പവൻ സ്വർണവും കൈക്കലാക്കിയത്.
സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ സജ്ന ഒളിവില്‍പോവുകയായിരുന്നു. കഴിഞ്ഞമൂന്നുവർഷമായി പാലക്കാട്ടെ വിവിധയിടങ്ങളിലാണ് യുവതി ഒളിവില്‍താമസിച്ചിരുന്നത്. രണ്ടാഴ്ച മുൻപ് പ്രതി താനൂർ മൂലയ്ക്കലില്‍ താമസിക്കാനെത്തി. ഈ വിവരമറിഞ്ഞതോടെയാണ് തിരൂർ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ പ്രതി, മുൻകൂർ ജാമ്യത്തിനായി സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നു. എന്നാല്‍, കേസിന്റെ ഗൗരവം മനസിലാക്കി കോടതികളെല്ലാം ജാമ്യാപേക്ഷ തള്ളി.