തിരഞ്ഞെടുപ്പ് രംഗത്ത് പണവും മദ്യവും മയക്കുമരുന്നും വ്യാപകമായി ഒഴുകുന്നു, 202 കോടി പണമായും 163 കോടിയുടെ മയക്കുമരുന്നും 113 കോടിയുടെ മദ്യവും പിടികൂടി
സ്വന്തംലേഖകൻ
കോട്ടയം : തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണമൊഴുകുന്നുവെന്ന സൂചന ഉറപ്പാക്കുന്ന വിധത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ പണം പിടികൂടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ 202 കോടി രൂപയുടെ കറൻസികൾ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ശരാശരി 69 കോടി രൂപ വീതം പിടിച്ചെടുത്തതായി കമ്മീഷൻ അറിയിച്ചു. ഓരോ ദിവസവും ഇത്തരത്തിൽ പിടികൂടുന്ന പണത്തിന്റെ വിവരം കമ്മീഷൻ പ്രസിദ്ധീകരിക്കുന്നുണ്ട്.2014ലെ തിരഞ്ഞെടുപ്പിൽ മൊത്തം പിടിച്ചെടുത്ത കാഷിന്റെ 67 ശതമാനം ഇതിനകം തന്നെ പിടിച്ചെടുത്തു കഴിഞ്ഞു. 300 കോടി രൂപയാണ് 2014ൽ പിടിച്ചെടുത്തത്. ഇത്തവണ പിടിച്ചെടുത്ത തുകയുടെ 50 ശതമാനത്തിലേറെ കണ്ടെത്തിയത് രണ്ടു സംസ്ഥാനങ്ങളിൽ നിന്നുമാണ്, തമിഴ്‌നാടും ആന്ധ്രപ്രദേശും. ആന്ധ്രയിൽ നിന്ന് 69 കോടിയും തമിഴ്‌നാട്ടിൽ നിന്ന് 54 കോടിയുമാണ്ഏതാനും ദിവസങ്ങൾക്കുള്ളിൽ പിടിച്ചെടുത്തത്. തെലുങ്കാനയിൽ നിന്ന് 13 കോടി രൂപയും ഉത്തർ പ്രദേശിൽ നിന്ന് 15 കോടിയും ബംഗാളിൽ നിന്ന് 10 കോടിയും പിടിച്ചെടുത്തതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. 56 ലക്ഷം രൂപയാണ് കേരളത്തിൽ നിന്ന് പിടിച്ചെടുത്തത്.പണത്തിന് പുറമെ വൻ തോതിൽ മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. 163 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടികൂടിയത്. പഞ്ചാബിൽ നിന്ന് 93 കോടിയുടെയും മണിപ്പൂരിൽ നിന്ന് 23 കോടിയുടെയും യു പിയിൽ നിന്ന് 20 കോടി രൂപയുടെയും മയക്കുമരുന്നുകളാണ് പിടികൂടിയത്. അനധികൃത മദ്യവും വ്യാപകമായി ഒഴുകുന്നുണ്ട്. ഇതിനകം 113 കോടി രൂപയുടെ മദ്യമാണ് പിടിച്ചെടുത്തത്. അനധികൃതമായി സൂക്ഷിച്ചിരുന്ന 173 കോടി രൂപ വില വരുന്ന സ്വർണവും കണ്ടെടുത്തിട്ടുണ്ട്. മാർച്ച് 27 വരെ പണം, മദ്യം, സ്വർണം, മയക്കുമരുന്ന് തുടങ്ങിയ ഇനങ്ങളിലായി 674 കോടിയുടെ സാധനങ്ങൾ ഇലക്ഷൻ എൻഫോഴ്‌സ്‌മെന്റ് പിടികൂടിയതായി കമ്മീഷൻ അറിയിച്ചു.