
ലിവിംഗ് ടുഗദര്‍ ബന്ധത്തിലും സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡന നിയമപ്രകാരം കേസ് ഫയല്‍ ചെയ്യാമെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: ലിവിംഗ് ടുഗദര്‍ ബന്ധത്തിലും സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡന നിയമപ്രകാരം കേസ് ഫയല്‍ ചെയ്യാമെന്ന് ഹൈക്കോടതി. നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരില്‍ സ്ത്രീക്ക് പുരുഷനില്‍ നിന്നും പീഡനമേല്‍ക്കേണ്ടി വന്നാല്‍, ഗാര്‍ഹിക പീഡന നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രൻ, പി.ജി അജിത്ത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് വ്യക്തികള്‍ പരസ്പര സമ്മതത്തോടെ, നിശ്ചിത കാലഘട്ടത്തില്‍, ഭൗതിക സൗകര്യങ്ങള്‍ പങ്കുവച്ച്, വിവാഹം മൂലമോ അല്ലാതെയോ ബന്ധം പുലര്‍ത്തുന്നതിനെ ഗാര്‍ഹിക ബന്ധമായി, ഗാര്‍ഹിക പീഡന നിയമം നിര്‍വചിക്കുന്നു. അതിനാലാണ് നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരാണെങ്കിലും സ്ത്രീക്ക് പുരുഷനില്‍ നിന്നും പീഡനമേല്‍ക്കേണ്ടി വന്നാല്‍, ഗാര്‍ഹിക പീഡന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന വിലയിരുത്തലില്‍ കോടതി എത്തിച്ചേര്‍ന്നത് .ഗാര്‍ഹിക പീഡന നിയമത്തിലെ 12-ാം വകുപ്പ് പ്രകാരം പോലീസിന് നിയമനടപടി സ്വീകരിക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈയില്‍ താമസിക്കുന്ന വിനീത് ഗണേഷ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള കേസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും കുടുംബ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്. എന്നാല്‍ പങ്കാളിക്കെതിരെ നല്കിയ പരാതി, അയാളുടെ ആവശ്യപ്രകാരം കോടതി മാറ്റുന്നത്, സ്ത്രീയെ ദോഷകരമായി ബാധിക്കുമെന്നും കോടതി വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ഡിവിഷൻ ബെഞ്ച് ഹര്‍ജി തള്ളിയത്.
അതേസമയം ലിവിംഗ് ടുഗദര്‍ ബന്ധം നിയമം അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ കരാര്‍ പ്രകാരം ഒരുമിച്ച് ജീവിക്കുന്ന ദമ്പതികള്‍ക്ക് നിയമപരമായി വിവാഹമോചനം തേടാനാകില്ലെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിറക്കിയിരുന്നു.