
ഐബി ഉദ്യോഗസ്ഥയുടെ മരണം: ആരോപണവിധേയനായ സഹപ്രവർത്തകൻ ഒളിവിൽ പോയത് വളർത്തുമൃഗങ്ങളെ പട്ടിണിക്കിട്ട്; വീട്ടുകാരെല്ലാം രക്ഷപ്പെട്ടതോടെ വെള്ളവും ഭക്ഷണവും കിട്ടാതെ പട്ടിണിയിലായത് 6 പശുക്കളും മൂന്ന് പശുക്കിടാങ്ങളും നായയും കോഴികളും; വെള്ളം പോലും കിട്ടാതെ ദുരിതത്തിലായ മൃഗങ്ങളുടെ സംരക്ഷണം പഞ്ചായത്ത് ഏറ്റെടുക്കും
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയനായ എടപ്പാൾ സ്വദേശി സുകാന്തിൻ്റെ വളർത്തുമൃഗങ്ങളെ ഇനി പഞ്ചായത്ത് സംരക്ഷിക്കും. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യം മുതൽ തന്നെ ഉയർന്നുകേട്ട പേരായിരുന്നു ഐബി ഉദ്യോഗസ്ഥനായ സുകാന്തിന്റേത്.
മരണവാർത്ത വന്നതോടെ തന്നെ സുകാന്ത് രക്ഷപ്പെടാനുള്ള തിടുക്കത്തിലായിരുന്നു. അന്വേഷണം സുകാന്തിലേക്കെത്തിയതോടെ പട്ടാമ്പി റോഡിൽ ശുകപുരം പെട്രോൾ പമ്പിന് എതിർവശത്തുള്ള വീടു പൂട്ടി മാതാപിതാക്കളും അപ്രത്യക്ഷരായി.
വീട്ടുകാരെല്ലാം രക്ഷപ്പെട്ടതോടെ വെള്ളവും ഭക്ഷണവും കിട്ടാതെ പട്ടിണിയിലായത് പശുക്കളും നായയുമടങ്ങിയ വളർത്തുമൃഗങ്ങളാണ്. 6 പശുക്കൾ, മൂന്ന് പശുക്കിടാങ്ങൾ, ഒരു നായ, കോഴികൾ എന്നിവയാണ് സുകാന്തിന്റെ വീട്ടിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളം പോലും കിട്ടാതെ ദുരിതത്തിലായ മൃഗങ്ങളുടെ കരച്ചിൽ കേട്ട് അയൽവാസികൾ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് വാർഡ് അംഗം ഇ.എസ്.സുകുമാരനും മൃഗങ്ങളുടെ സംരക്ഷണത്തിനായി രംഗത്തെത്തി. ഗേറ്റ് ഉൾപ്പെടെ പൂട്ടിക്കിടക്കുകയായിരുന്നതിനാൽ നേർവഴി വീട്ടിലേക്ക് കടക്കാനായില്ല. പിന്നീട് പറമ്പിൻ്റെ പിന്നിൽക്കൂടി അകത്തു കടന്നാണ് ഇവയ്ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു നൽകിയത്.
വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ ഇവരുടെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷനും അധികൃതർ കഴിഞ്ഞദിവസം വിച്ഛേദിച്ചിരുന്നു. ഇതിനാൽ വളർത്തുമൃഗങ്ങൾക്ക് ശുദ്ധജലം എത്തിക്കാനും പറ്റാത്ത സ്ഥിതിയാണ്.
അതേസമയം, യുവതി ട്രെയിൻതട്ടി മരിച്ച സംഭവത്തിൽ യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തിയായിരുന്നു സഹപ്രവർത്തകനായ സുകാന്ത് ഇന്നലെ കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയത്. ഐബി ഉദ്യോഗസ്ഥയായ 23കാരിയുടെ മരണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സുകാന്ത് ഹർജിയിൽ പറയുന്നു.
മറിച്ച് വൈകാരികമായും മാനസികമായും ഏറെ അടുത്തവരായിരുന്നു തങ്ങളെന്നും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നു എന്നുമായിരുന്നു ഹർജിയിൽ വ്യക്തമാക്കിയത്. എന്നാൽ, സുകാന്തിന്റെ ശാരീരിക, മാനസിക, സാമ്പത്തിക ചൂഷണത്തെ തുടർന്നാണ് യുവതി മരിച്ചതെന്ന് കുടുംബം ആവർത്തിക്കുന്നു. യുവതി ഗർഭഛിദ്രം നടത്തിയതായുള്ള വിവരം പൊലീസിൽനിന്നു അറിഞ്ഞതായും കുടുംബം പറയുന്നു.
2024 ജൂലൈയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് യുവതി ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസിനു ലഭിച്ചിരുന്നു. ഗർഭഛിദ്രം നടത്തിയതിൻ്റെ രേഖകൾ ഉൾപ്പെടെ കുടുംബം കൈമാറിയിട്ടും സുകാന്തിനെതിരെ കേസെടുക്കാൻ പേട്ട പൊലീസ് തയാറായിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.
യുവതി മരിച്ച് 11 ദിവസം കഴിഞ്ഞിട്ടും അന്വേഷണം തുടരുകയാണെന്ന മറുപടി മാത്രമാണ് പൊലീസിൽനിന്നു ലഭിക്കുന്നത്. യുവതിയെ കാമുകനായ മലപ്പുറം എടപ്പാൾ സ്വദേശിയും കൊച്ചിയിൽ ഐബി ഉദ്യോഗസ്‌ഥനുമായ സുകാന്ത് ചൂഷണം ചെയ്തതതിന് കൂടുതൽ തെളിവുകളുണ്ട് എന്ന് പിതാവ് മധുസൂദനൻ ആരോപിച്ചു.