പച്ചക്കറി ഏജന്റിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: പച്ചക്കറി ഏജന്റിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അറസ്‌റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. കൊഴിഞ്ഞാമ്പറ്റ സ്വദേശികളായ സുജിത് (26), രോഹിത് (25), അരുൺ (24) എന്നിവരെയാണ് പാലക്കാട് ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തത്‌. തിങ്കളാഴ്‌ച രാത്രി എട്ട് മണിയോടെ മാത്തൂരിലായിരുന്നു സംഭവം. 11 ലക്ഷം രൂപയായിരുന്നു പ്രതികൾ തട്ടിയെടുത്തത്.

തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറികൾ പാലക്കാട് ജില്ലയിലെ കടകളിൽ എത്തിച്ച് കൊടുത്തതിന്റെ പണം കൈപ്പറ്റാൻ എത്തിയ ഏജന്റിനെയാണ് പ്രതികൾ കൊള്ളയടിച്ചത്. ഏജന്റായ അരുൺ, ഡ്രൈവർ സുജിത്ത് എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്തൂരിൽ വെച്ച് രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം ഡ്രൈവറായ സുജിത്തിന്റെ കഴുത്തിൽ കത്തിവെച്ച് ഏജന്റായ അരുണിനോട് പണം ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ 11 ലക്ഷം രൂപയാണ് ഇവർ കവർന്നത്.

എന്നാൽ, കോട്ടായി സിഐ ഷൈനിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലെ ചുരുളഴിയുന്നത്. ഡ്രൈവറായ സുജിത്താണ് ഈ പണം തട്ടലിന് പിന്നിലെ മുഖ്യസൂത്രധാരൻ എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. സുജിത്തും കൂട്ടുകാരും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്‌തത്‌.

പ്രതികളിൽ നിന്ന് അഞ്ചുലക്ഷം രൂപ കണ്ടെത്തിട്ടുണ്ട്. അതേസമയം, കേസിൽ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. ഇവർ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും കോട്ടായി സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ എസ് ഷൈൻ പറഞ്ഞു.