രാമായണവും മഹാഭാരതവും അക്രമം വർധിപ്പിക്കുന്നു: ബാബാ രാംദേവിന്റെ പരാതിയിൽ സീതാറാം യെച്ചൂരിയ്‌ക്കെതിരെ കേസ്

രാമായണവും മഹാഭാരതവും അക്രമം വർധിപ്പിക്കുന്നു: ബാബാ രാംദേവിന്റെ പരാതിയിൽ സീതാറാം യെച്ചൂരിയ്‌ക്കെതിരെ കേസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാമായണവും മഹാഭാരതവും അക്രമം വർധിപ്പിക്കുന്നതായുള്ള വിവാദ പരാമർശനത്തിൽ ബാബാ രാംദേവിന്റെ പരാതിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ബാബാ രാം ദേവിന്റെ പരാതിയിൽ ഹരിദ്വാർ പോലീസാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നു കാണിച്ചാണ് ബാബ രാം ദേവ് യച്ചൂരിക്കെതിരെ പരാതി നൽകിയിരുന്നത്.

രാമായണവും മഹാഭാരതവും അക്രമവും യുദ്ധവും നിറഞ്ഞതാണെന്നും, ഹിന്ദുക്കളും അക്രമാസക്തരാകുമെന്ന് ഈ ഇതിഹാസങ്ങൾ തെളിയിക്കുന്നു എന്നുമായിരുന്നു യെച്ചുരിയുടെ പരാമർശം. ഹിന്ദുക്കൾ ഹിംസയിൽ വിശ്വസിക്കുന്നില്ല എന്ന മലേഗാവ് സ്‌ഫോടനത്തിലെ മുഖ്യപ്രതിയും ഭോപാലിലെ ബിജെപി സ്ഥാനാർത്ഥിയുമായ പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു യെച്ചൂരി. പാർലമെന്ററി സിസ്റ്റം ഇലക്ഷൻസ് ആന്റ് ഡെമോക്രസി എന്ന വിഷയത്തിൽ ഭോപാലിൽ നടന്ന സിംപോസിയത്തിലായിരുന്നു യെച്ചൂരിയുടെ പ്രസ്താവന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ഇറ്റലിയിലെ മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്നും യെച്ചൂരി വിമർശിച്ചു. സൈന്യത്തെ ഹിന്ദൂകരിക്കാനുള്ള ശ്രമവും, ഹിന്ദുക്കളെ അക്രമണസജ്ജരാക്കാനുള്ള ആർഎസ്എസിന്റ ശ്രമവും ഇതിന്റെ ഭാഗമാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തിരുന്നു.
ഇതിനെതിരെ ബാബാ രാംദേവാണ് ഹരിദ്വാർ പൊലീസിനു പരാതി നൽകിയിരിക്കുന്നത്. ഹിന്ദുക്കളെ അപമാനിക്കുന്നതും, മതവികാരം വൃണപ്പെടുത്തുന്നതുമാണ് ഈ പരാമർശനമെന്നാണ് ബാബാ രാംദേവിന്റെ ആരോപണം. ഹിന്ദു മത വികാരം വ്രണപ്പെടുന്ന രീതിയിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് സമൂഹത്തിൽ അക്രമ പ്രവണത വർധിപ്പിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.