
കൂട്ടയെഴുന്നള്ളിപ്പിന് ശേഷം ആനയെ തളച്ചത് വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത്; വെടിക്കെട്ടിന്‍റെ ശബ്ദവും ചൂടും അസഹനീയമായതോടെ ആന വിരണ്ടു; ആനയെ വെടിക്കെട്ട് നടക്കുന്നിടത്ത് തളച്ചതിനും അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനും ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്
തൃശൂർ: പുതുക്കാട് നന്തിപുലം പയ്യൂർകാവിൽ വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ആനയെ തളച്ച സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്ത് വരന്തരപ്പിള്ളി പൊലീസ്.
പൂരത്തിനെത്തിച്ച ആന കഴിഞ്ഞ ദിവസം വിരണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ഫോടകവസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും ആനയെ വെടിക്കെട്ട് നടക്കുന്നിടത്ത് തളച്ചതിനും പൊലീസ് കേസെടുത്തത്. ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താൻ ക്ഷേത്ര ഭാരവാഹികൾക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി 7ന് കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം ക്ഷേത്ര പറമ്പിനോട് ചേർന്നുള്ള പറമ്പിൽ തളച്ച കൊമ്പനാണ് വിരണ്ടത്. പൂരം എഴുന്നള്ളിപ്പിന് ഏഴ് ആനകളെയാണ് എത്തിച്ചിരുന്നത്. ഇതിൽ രണ്ടാനകളെയാണ് സ്വകാര്യവ്യക്തിയുടെ പറമ്പിൽ തളച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ ഒരാനയെ വെടിക്കെട്ടിന്‍റെ അവസാനത്തെ കൂട്ടപ്പൊരിച്ചിൽ നടക്കുന്ന സ്ഥലത്തിന്‍റെ മീറ്ററുകൾ മാത്രം അകലെയായിരുന്നു നിർത്തിയിരുന്നത്. വെടിക്കെട്ടിന്‍റെ ശബ്ദവും ചൂടും അസഹനീയമായതോടെ ആന ഇവിടെ നിന്നും പിൻതിരിയാൻ ശ്രമിക്കുകയായിരുന്നു.