കൊല്ലം: പൊതുമേഖലാസ്ഥാപനമായ കെഎംഎംഎല്ലിൽ ജോലി വാഗ്ദാനംചെയ്ത് 25 ലക്ഷം തട്ടിയെന്ന പരാതിയിൽ മുസ്‌ലിം ലീഗ് നേതാവിന്റെ പേരിൽ കേസെടുത്തു. ലീഗ് ദേശീയ കൗൺസിൽ അംഗം ശൂരനാട് സ്വദേശിയായ അബ്ദുൾ വഹാബി(65)ന്റെ പേരിലാണ് ചവറ പോലീസ് കേസെടുത്തിരിക്കുന്നത്.
പന്മന വടക്കുംതല സ്വദേശി താജുദീനാണ് പണം നഷ്ടമായത്. കേരളത്തിലെ പ്രധാന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിൽ എച്ച്ആർ ഡിപ്പാർട്മെന്റിൽ ജോലി വാങ്ങിനൽകാം എന്നായിരുന്നു യൂണിയൻ നേതാവുകൂടിയായ അബ്ദുൾ വഹാബിന്റെ വാഗ്ദാനം. അബ്ദുൾ വഹാബ് പണം വാങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പണം വാങ്ങി എണ്ണി തിട്ടപ്പെടുത്തുന്നതും തൊഴിൽ നൽകാമെന്നു പറയുന്നതുമെല്ലാമടങ്ങുന്ന ദൃശ്യങ്ങൾ പരാതിക്കാരന്റെ പക്കലുണ്ടായിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുതിർന്ന ലീഗ് നേതാക്കൾ മുഖേനയാണ് തൊഴിൽ ശരിയാക്കുന്നതെന്നും വീഡിയോയിൽ പറയുന്നു. പലപ്പോഴായി, അഞ്ചുലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിത്തുക നേരിട്ടുമാണ് നൽകിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പറഞ്ഞ സമയത്ത് ജോലി ലഭിക്കാത്തതിനെ തുടർന്ന് പണം ആവശ്യപ്പെട്ടപ്പോൾ താജുദീനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. അതേസമയം, അബ്ദുൾ വഹാബിനെ സഹായിക്കുന്ന സമീപനമാണ് ചവറ പോലീസ് സ്വീകരിക്കുന്നത് എന്നാണ് പരാതിക്കാരന്റെ ആരോപണം.
ഇയാൾക്ക് മുൻകൂർ ജാമ്യം ലഭിക്കാനുള്ള സഹായം പോലീസ് ചെയ്തുനൽകുന്നുവെന്നാണ് ആക്ഷേപം. എന്നാൽ മുൻകൂർ ജാമ്യം കിട്ടിയിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവിനെ തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ സ്റ്റേഷനിൽ ഹാജരാകാനുള്ള നിർദേശം അബ്ദുൾ വഹാബിന് നൽകിയിട്ടുണ്ടെന്നുമാണ് ചവറ സിഐ പറയുന്നത്.