
പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്, പൊതുമേഖലാ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടി ; മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്ത് പോലീസ്
കൊല്ലം : ചവറയിൽ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലില്‍ ജോലി വാഗ്ദാനംചെയ്ത് 25 ലക്ഷം തട്ടിയെന്ന പരാതിയില്‍ മുസ്ലിം ലീഗ് നേതാവിന്റെ പേരില്‍ കേസെടുത്തു.
ലീഗ് ദേശീയ കൗണ്‍സില്‍ അംഗം ശൂരനാട് സ്വദേശിയായ അബ്ദുള്‍ വഹാബി(65)ന്റെ പേരിലാണ് ചവറ പോലീസ് കേസെടുത്തിരിക്കുന്നത്. പന്മന വടക്കുംതല സ്വദേശി താജുദീനാണ് പണം നഷ്ടമായത്. കേരളത്തിലെ പ്രധാന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലില്‍ എച്ച്.ആർ ഡിപ്പാർട്മെന്റില്‍ ജോലി വാങ്ങിനല്‍കാം എന്നായിരുന്നു യൂണിയൻ നേതാവുകൂടിയായ അബ്ദുള്‍ വഹാബിന്റെ വാഗ്ദാനം.
അബ്ദുള്‍ വഹാബ് പണം വാങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പണം വാങ്ങി എണ്ണി തിട്ടപ്പെടുത്തുന്നതും തൊഴില്‍ നല്‍കാമെന്നു പറയുന്നതുമെല്ലാമടങ്ങുന്ന ദൃശ്യങ്ങള്‍ പരാതിക്കാരന്റെ പക്കലുണ്ടായിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിർന്ന ലീഗ് നേതാക്കള്‍ മുഖേനയാണ് തൊഴില്‍ ശരിയാക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു. പലപ്പോഴായി, അഞ്ചുലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിത്തുക നേരിട്ടുമാണ് നല്‍കിയത്. പറഞ്ഞ സമയത്ത് ജോലി ലഭിക്കാത്തതിനെ തുടർന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ താജുദീനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, അബ്ദുള്‍ വഹാബിനെ സഹായിക്കുന്ന സമീപനമാണ് ചവറ പോലീസ് സ്വീകരിക്കുന്നത് എന്നാണ് പരാതിക്കാരന്റെ ആരോപണം. ഇയാള്‍ക്ക് മുൻകൂർ ജാമ്യം ലഭിക്കാനുള്ള സഹായം പോലീസ് ചെയ്തുനല്‍കുന്നുവെന്നാണ് ആക്ഷേപം. എന്നാല്‍ മുൻകൂർ ജാമ്യം കിട്ടിയിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവിനെ തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ സ്റ്റേഷനില്‍ ഹാജരാകാനുള്ള നിർദേശം അബ്ദുള്‍ വഹാബിന് നല്‍കിയിട്ടുണ്ടെന്നുമാണ് ചവറ സി.ഐ പറയുന്നത്.