
ആലപ്പുഴ : ഹരിപ്പാട് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊമ്പിലിരുത്തിയുള്ള സാഹസത്തിന് തൊട്ടുമുൻപ് മദ്യലഹരിയിൽ ആനയെ ക്രൂരമായി മർദിച്ച് പാപ്പാൻ അഭിലാഷ്.
സംഭവത്തിൽ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. മദ്യലഹരിയിൽ ഇയാൾ ആനയെ മർദിക്കുന്നത് സ്ഥിരം സംഭവമാണെന്ന് പ്രദേശവാസികൾ പറയുന്നു.
ആനയുടെ മുൻകാലുകളിൽ കമ്പ് ഉപയോഗിച്ച് തല്ലുന്നതാണ് ദൃശ്യത്തിലുള്ളത്. തുടർച്ചയായി തല്ലുന്നത് വീഡിയോയിലുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് കുഞ്ഞുമായി ഇയാൾ ആനയുടെ അടുത്ത് എത്തുന്നതും കുഞ്ഞിനെ ആനക്കൊമ്പിൽ ഇരുത്താൻ ശ്രമിക്കുന്നതും. ഇതിനിടെ കുഞ്ഞ് താഴെ വീഴുന്നതിൻ്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഞ്ഞുമായുള്ള സാഹസത്തിൽ അഭിലാഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഹരിപ്പാട് പൊലീസാണ് അഭിലാഷിനെതിരെ കേസെടുത്തത്. കുഞ്ഞ് താഴെ വീഴുന്നതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നതോടെയായിരുന്നു നടപടി.
ഇന്നലെയായിരുന്നു കുഞ്ഞുമായുള്ള അഭിലാഷിൻറെ സാഹസ വീഡിയോ പുറത്തുവന്നത്. ആനയുടെ അടിയിലൂടെ പോകുന്നത് ഭയം മാറാനും ഭാഗ്യം വരാനും സഹായിക്കുമെന്നുമാണ് വിശ്വാസം.
ഇതുപ്രകാരം കുഞ്ഞുമായി ഇയാൾ ആനയുടെ അടിയിലൂടെ കടന്നുപോകുകയും പിന്നാലെ ആനയുടെ കൊമ്പിൽ കുഞ്ഞിനെ ഇരുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് കുഞ്ഞ് താഴെ വീഴുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട, സമീപമുണ്ടായിരുന്ന ആളാണ് കുഞ്ഞിനെ നിലത്തുനിന്ന് എടുക്കുന്നത്. രണ്ടര മാസം മുൻപ് പാപ്പാനെ കുത്തിക്കൊന്ന ആനയ്ക്ക് സമീപമാണ് ഇയാൾ സാഹസം കാണിച്ചത്.




