പുതിയ കാർ വാങ്ങാൻ നൽകിയ അഡ്വാൻസ് തുക ഷോറും ജീവനക്കാരി വെട്ടിച്ചതായിപരാതി: 13 ലക്ഷം രൂപയുടെ തിരിമറി: നിരവധി പേർ തട്ടിപ്പിനിരയായി ; തലയോലപറമ്പിൽ വൻ പ്രതിഷേധം

Spread the love

തലയോലപ്പറമ്പ്: പുതിയ കാർ വാങ്ങുന്നതിനായി തലയോലപ്പറമ്പ് പൊട്ടൻചിറയിലുള്ള കാർ ഷോറുമിൽ നാലുപേർ നൽകിയ 13 ലക്ഷത്തോളം അഡ്വാൻസ്

തുക ഷോറും ജീവനക്കാരി വെട്ടിച്ചതായി ആരോപണം. നൽകിയ പണവും പുതിയ വാഹനവും ലഭിക്കാതെ വന്നതോടെ
ഇൻഡസ് മോട്ടോഴ്സിന് മുന്നിൽ ഇന്നലെ രാവിലെ മുതൽ അഡ്വാൻസ് നൽകിയ വാഹന ഉടമകളും യൂത്ത് കോൺഗ്രസ് ഭാരവാഹികളുമെത്തി പ്രതിഷധിച്ചു.

തുടർന്ന് തലയോലപ്പറമ്പ് പോലീസ് എത്തിയാണ് ഷോറുമിന് മുന്നിലെ ബഹളം പരിഹരിച്ചത്. തലയോലപ്പറമ്പ് പൊതി ചെറുപള്ളിയിൽ സിജോ ജേക്കബ് കഴിഞ്ഞ ദിവസം ഷോറുമിലേത്തി സെയിൽസ് വിഭാഗത്തിലെത്തിയപ്പോൾ ഉദയനാപുരം സ്വദേശിനിയായ ജീവനക്കാരി അഡ്വാൻസ് തുകയായി അഞ്ച് ലക്ഷം രൂപ വാങ്ങുകയും കമ്പ്യൂട്ടർ സിസ്റ്റം തകരാറിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് വെള്ള പേപ്പറിൽ സ്ഥാപനത്തിൻ്റെ മുദ്രവച്ച് ഒപ്പിട്ട് നൽകുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം സിജോ ബില്ലിൻ്റെ ഒറിജിനൽ ആവശ്യപ്പെട്ടെങ്കിലും ഇവർ ഒഴിഞ്ഞ് മാറുകയായിരുന്നു. തുടർന്നാണ് സിജോയും ബന്ധുക്കളും ഇന്നലെ ഷോറുമിന് മുന്നിൽ കുത്തിയിരുന്ന് പ്രതിക്ഷേധിച്ചത്. കഴിഞ്ഞ മാസം 24ന് അഞ്ച് ലക്ഷം രൂപ അഡ്വാൻസായി വാങ്ങിയ ശേഷം കമ്പനിയിലേക്ക് അടയ്ക്കാതെയും കാർ ഡെലിവറി ചെയ്യാതെയും ഇതെ ജീവനക്കാരി വെട്ടിപ്പ് നടത്തിയതായി ആരോപിച്ച് കടുത്തുരുത്തി പടപ്പുരയ്ക്കൽ ബെന്നി ഫിലിപ്പും ഭാര്യയും ഷോറൂമിലെത്തി പ്രതിഷേധിച്ചിരുന്നു.

ഉദയനാപുരം സ്വദേശിനി നെസീമ, വിപിൻ എന്നിവരുടെ പക്കൽ നിന്നും ഒന്നര ലക്ഷം രൂപ വീതം ജീവനക്കാരി ഇത്തരത്തിൽ പണം തട്ടിച്ചതായി ആരോപിച്ച് അവരും ഷോറുമിൽ എത്തിയിരുന്നു. അഡ്വാൻസ് നൽകിയവരും ഷോറൂമിലെ ജീവനക്കാരും തമ്മിൽ വാക്ക് തർക്കം രൂക്ഷമായതോടെ തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് പോലീസ് ഷോറുമിലെ ചുമതലക്കാരുമായും വാഹനത്തിന് അഡ്വാൻസ് നൽകിയവരുമായും സംസാരിക്കുകയും രണ്ട് ദിവസത്തിനുള്ളിൽ വാങ്ങിയ പണം തിരികെ നൽകാമെന്ന് ജീവനക്കാരി ഇവരുമായി സംസാരിച്ച് ധാരണയായതിനെ തുടർന്ന് പ്രതിഷേധം

അവസാനിപ്പിക്കുകയുമായിരുന്നു. ഷോറുമിൽ എത്തി നൽകുന്ന പണത്തിന് ഇതിൻ്റെ ചുമതലക്കാർക്കും ഉത്തരവാദിത്വം ഉണ്ടെന്ന് അഡ്വാൻസ് നൽകിയവർ പറഞ്ഞു. അതേ സമയം ക്യാഷ് കൗണ്ടറിൽ അടച്ച് ബില്ല് ഉള്ളതിന് മാത്രമെ ഷോറുമിന് ഉത്തരവാദിത്വമുള്ളുവെന്നും ജീവനക്കാരി ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും ചുമതലക്കാർ പറയുന്നു.
പരാതിക്കാർക്കൊപ്പം കോൺഗ്രസ് നേതാവ് അഡ്വ.പി.പി.സിബിച്ചൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ സീതു ശശിധരൻ,കെ.കെ. കൃഷ്ണകുമാർ എന്നിവരും പ്രവർത്തകരുമെത്തിയിരുന്നു.