
സ്വന്തം ലേഖിക
കോട്ടയം: ഏറ്റുമാനൂരിലെ മുഴുവൻ റോഡുകളും ബിഎം-ബിസി നിലവാരത്തിലേക്ക് ഉയർത്തുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ.
കാരിത്താസ്-അമ്മഞ്ചേരി റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാരിത്താസ് റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡിന്റെ നിർമാണോദ്ഘാടനം കാരിത്താസ് ജംഗ്ഷനിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ പ്രത്യേക അംഗീകാരപ്രകാരം അനുവദിച്ച 13.60 കോടി രൂപ ചെലവഴിച്ചാണ് അപ്രോച്ച് റോഡ് നിർമിക്കുക. നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടന്ന പല റോഡുകൾക്കും പാലങ്ങൾക്കും സർക്കാർ പുതുജീവനേകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപ്രോച്ച് റോഡിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്ന കാര്യത്തിൽ സഹകരണ വകുപ്പിന്റെ ഉറപ്പുണ്ടെന്നും മന്ത്രി പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് അപ്രോച്ച് റോഡിന്റെ നിർമാണ ചുമതല. 18 മാസമാണ് നിർമാണ കാലാവധി.
അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ കാരിത്താസ് ജംഗ്ഷൻ വഴി അമ്മഞ്ചേരി, മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള വാഹന ഗതാഗതം സുഗമമാകും.
സ്വാഗതസംഘം ചെയർമാൻ ഡോ. എ. ജോസ് അരീക്കാട്ടേൽ അധ്യക്ഷനായി. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ഏറ്റുമാനൂർ നഗസഭാധ്യക്ഷ ലൗലി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോർജ് പാറശ്ശേരി, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ബിനു കുന്നത്ത്, പുഷ്പഗിരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോസഫ് ആലുങ്കൽ, പേരൂർ മർത്തശ്മുനി പള്ളി വികാരി ഫാ. മാണി കല്ലാപ്പുറം, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ബാബു ജോർജ്, കെ.ജി. ഹരിദാസ്, ബിനു ബോസ്, ജോസ് ഇടവഴിക്കൻ, വി എൻ സോമൻ, ഏറ്റുമാനൂർ രാധാകൃഷ്ണൻ, രാജീവ് നെല്ലിക്കുന്നേൽ, സ്വാഗതസംഘം ജനറൽ കൺവീനർ ജോണി വർഗീസ്, ടി.ടി. രാജേഷ്, ജയപ്രകാശ് കെ. നായർ, കെ. സജീവ് കുമാർ, സജി വള്ളോംകുന്നേൽ, ജനാബ് ടി.എച്ച്. ഉമ്മർ, പി.എസ്. കുര്യച്ചൻ, പ്രൊഫ. ജോസ് വെല്ലിംഗ്ടൺ എന്നിവർ പങ്കെടുത്തു.