കഴിഞ്ഞ പ്രളയത്തിന് വീട് നഷ്ടപ്പെട്ടു : ഇത്തവണ ചുറ്റും പ്രളയജലമുയർന്നിട്ടും വീട് സുരക്ഷിതം ; ഇത് ഹെയർ ഹോം പദ്ധതിയിലെ വീട്
സ്വന്തം ലേഖിക
ആലപ്പുഴ: കഴിഞ്ഞ പ്രളയത്തിൽ നിരവധി വീടുകളാണ് തകർന്ന് വീണത്. പ്രളയം വരുത്തിവെച്ച ദുരന്തങ്ങൾ ചെറുതായിരുന്നില്ല. രണ്ടാം വട്ടവും പ്രളയം വന്നപ്പോഴും പല വീടുകളും നിലംപൊത്തി. എന്നാൽ അതിജീവിച്ച വീടുകൾ ഉണ്ട്. അത് കേരള സർക്കാർ വാഗ്ദാനം ചെയ്ത പോലെ പണികഴിപ്പിച്ച വീടാണ്. ഉയർന്നുവരുന്ന വെള്ളത്തെ പേടിക്കാതെ സമാധാനത്തോടെ ഉറങ്ങാമെന്ന് ചെറുതന പാണ്ടി ചെറുവള്ളിൽ തറയിൽ ഗോപാലകൃഷ്ണനും കുടുംബവും പറയുന്നു. ഇത്തവണ വെള്ളം കയറിയെങ്കിലും തങ്ങൾ സുരക്ഷിതരെന്ന് ഇവർ പറയുന്നു.
സഹകരണ വകുപ്പിന്റെ കീഴിൽ കെയർ ഹോം പദ്ധതി പ്രകാരം ചിങ്ങോലിയിൽ നിർമ്മിച്ചു നൽകിയ വീടാണ് ഇന്ന് രണ്ടാമത്തെ പ്രളയത്തെ അതിജീവിച്ചത്. വെള്ളത്തെ അതിജീവിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നാലടിയോളം ഉയരത്തിൽ 36 കോൺക്രീറ്റ് റിങ്ങുകൾക്കു മുകളിലാണ് വീട് നിർമ്മിച്ചത്. ഭാരം കുറഞ്ഞ കട്ടകൾ ഉപയോഗിച്ചാണു നിർമ്മാണം. വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഷീറ്റുകൾ കൊണ്ടാണു മേൽക്കൂര. 550 ചതുരശ്ര അടിയിൽ 3 മുറികളും ഹാളും അടുക്കളയുമുള്ള വീട് 11 ലക്ഷത്തോളം രൂപ മുടക്കിയാണ് നിർമ്മിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിന്റെ ഒരു വശത്തു ലീഡിങ് ചാനലും മറുവശത്തു പമ്ബാ നദിയുമാണ്. എന്നാൽ ഈ വീടിനുള്ളിൽ തങ്ങൾ സുരക്ഷിതരാണെന്നു ഗോപാലകൃഷ്ണൻ പറയുന്നു. ഇപ്പോൾ വീടിനു പരിസരത്ത് 2 അടിയോളം വെള്ളമുണ്ട്. പ്രളയഫണ്ട് കൊണ്ട് എന്തൊക്കെ ചെയ്തു എങ്ങനെയൊക്കെ ചെയ്തു എന്നൊക്കെ ചോദിക്കുന്നവർക്കുള്ള ഉത്തരം കൂടിയാണ് ഇത്തരത്തിൽ നിർമ്മിച്ചു നൽകിയ വീടുകളെന്നാണ് വൈദ്യുത മന്ത്രി എംഎം മണി കുറിച്ചത്. നേതാക്കൾ ഉൾപ്പടെ നിരവധി പേർ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. കേരള സർക്കാർ കേരളത്തിന്റെ പുനർനിർമ്മാണം വെറുതെയങ്ങ് നടത്തുകയല്ലെന്നും ഇനി ഒരു ദുരന്തത്തെ കൂടി നേരിടാൻ പ്രാപ്തമാക്കിക്കൊണ്ടാണ് കേരളത്തിന്റെ പുനർനിർമാണം നടത്തുന്നതെന്നുമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുറിച്ചത്.