ചീട്ടുകളി സംഘത്തിനു വേണ്ടി സഹപ്രവർത്തകനെ ഒറ്റുകൊടുത്ത് മണർകാട് സി.ഐ..! ക്രൗൺ ക്ലബ് സെക്രട്ടറി കെ.വി സുരേഷും മണർകാട് എസ്.എച്ച്.ഒയും തമ്മിലുള്ള ഓഡിയോ സന്ദേശം പുറത്ത്; എസ്.എച്ച്.ഒ രതീഷ്‌കുമാറിനെതിരെ നടപടി ഉണ്ടായേക്കും; എസ്.പി അടക്കമുള്ള ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരെ തേജോ വധം ചെയ്ത് മാലം സുരേഷ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: മണർകാട് ക്രൗൺ ക്ലബ് കേന്ദ്രീകരിച്ചു നടന്ന 18 ലക്ഷം രൂപയുടെ ചീട്ടുകളി വിവാദത്തിൽ റെയിഡിന് എത്തിയ സഹപ്രവർത്തകരെ പ്രതിയായ മാലം സുരേഷിനു വേണ്ടി ഒറ്റു കൊടുത്ത് മണർകാട് എസ്.എച്ച്.ഒ. പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായി മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ രതീഷ്‌കുമാറാണ് രംഗത്ത് എത്തിയത്. രതീഷ് കുമാർ മാലം സുരേഷുമായി സംസാരിക്കുന്ന ഓഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. കോട്ടയം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ള 43 പേരെയാണ് മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളിയുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്.
കേസിൽ ആദ്യഘട്ടം മുതൽ തണുപ്പൻ സമീപനം സ്വീകരിച്ച മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രതീഷ്‌കുമാറും മാലം സുരേഷും തമ്മിലുള്ള ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ ഓഡിയോ സന്ദേശത്തിൽ രതീഷ്‌കുമാർ മാലം സുരേഷിനെ വെള്ളപൂശുന്നതിനായി, പാമ്പാടി സി.ഐയെ കുറ്റപ്പെടുത്തുന്നതും, പൊലീസിനെതിരായി നിലപാട് സ്വീകരിക്കുന്നതും വ്യക്തമായിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെയും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെയും, കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെയും സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി അനീഷ് വി.കോരയുടെയും നേതൃത്വത്തിലാണ് മണർകാട്ടെ ക്രൗൺ ക്ലബിൽ റെയിഡ് നടന്നത്. ചീട്ടുകളി നടന്ന, ക്രൗൺ ക്ലബ് പ്രവർത്തിച്ചിരുന്നത് മണർകാട് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു. ഈ പൊലീസ് സ്റ്റേഷനിൽ അറിയിക്കാതെയായിരുന്നു പൊലീസിന്റെ മിന്നൽ പരിശോധന.
ജൂലായ് 11 ന് നടന്ന റെയിഡ് 18 ലക്ഷം രൂപയുമായി 43 പേരെയാണ് ക്രൗൺ ക്ലബിൽ നിന്നും അറസ്റ്റ് ചെയ്തത്. കേസിൽ കടുത്ത സമ്മർദത്തിന് ഒടുവിൽ നാലു ദിവസത്തിനു ശേഷമാണ് മാലം സുരേഷിനെ പൊലീസ് പ്രതി ചേർത്തത്. ക്രൗൺ ക്ലബിലെ ചീട്ടുകളിയിൽ മാലം സുരേഷിനെ പ്രതി ചേർത്തതിനു പിന്നാലെയാണ് പൊലീസിനെതിരെ ആരോപണവുമായി സുരേഷ് രംഗത്ത് എത്തിയത്.
ക്രൗൺ ക്ലബിൽ നിന്നും പിടിച്ചെടുത്ത പണം സമീപത്തെ തന്റെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്തതാണെന്നായിരുന്നു സുരേഷിന്റെ വാദം. റെയിഡിനു നേതൃത്വം നൽകുകയും, കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്ത മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ രതീഷ് കുമാറാണ് പൊലീസ് സംഘത്തെ ഒറ്റുകൊടുത്തത്. മാലം സുരേഷിന്റെ ആരോപണങ്ങൾ ശരിവച്ച മണർകാട് എസ്്.എച്ച്.ഒ രതീഷ് കുമാർ അക്ഷരാർത്ഥത്തിൽ പൊലീസിനെ ഒറ്റിക്കൊടുക്കുകയായിരുന്നു.
ലക്ഷണങ്ങൾ ചീട്ടുകളിച്ച സംഭവത്തിൽ റെയിഡിനു നേതൃത്വം നൽകിയത് പാമ്പാടി സി.ഐ യു.ശ്രീജിത്ത് ആണെന്ന മാലം സുരേഷിന്റെ ആരോപണം കണ്ണടച്ച് സമ്മതിക്കുകയാണ് രതീഷ്‌കുമാർ. പൊലീസ് സേനയിൽ തന്നെ ഇത്തരത്തിൽ സുരേഷിനു വേണ്ടി കുടപിടിക്കുന്ന അപൂർവം പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായി മണർകാട് സി.ഐമാറിയിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവിയെ പോലും അപമാനിക്കുന്ന രീതിയിൽ മാലം സുരേഷിനൊപ്പം കൂട്ടു നിന്ന മണർകാട് എസ്.എച്ച്.ഒയ്‌ക്കെതിരെ പൊലീസ് നടപടി ഉണ്ടായേക്കും. നടപടി എടുക്കുന്നതിനു മുന്നോടിയായി മണർകാട് എസ്.എച്ച്.ഒ രതീഷ്‌കുമാറിനു ജില്ലാ പൊലീസ് മേധാവി ഷോക്കോസ് നോട്ടീസ് നൽകിയിട്ടുണ്ട്.