
തേർഡ് ഐ ബ്യൂറോ
കോട്ടയം: പൊലിസിലെ ഉന്നതർക്ക് വരെ കാശു കൊടുത്തിട്ടുണ്ട്. ഒരുത്തനും ഞങ്ങളെ തൊടില്ല..! ഗുണ്ടാ സംഘങ്ങളുടെയും ബ്ലേഡ് മാഫിയ സംഘത്തലവന്റെയും നേതൃത്വത്തിൽ മണർകാട് മാലത്തും നാലു മണിക്കാറ്റിനു സമീപത്തെയും വീടുകളിൽ ലക്ഷങ്ങളുടെ ചീട്ടുകളി. ബ്ലേഡ് മാഫിയ സംഘത്തവൻ തന്നെ ചീട്ടു മേശയിൽ പണം പലിശയ്ക്കു നൽകിയുണ്ടാക്കുന്നത് കോടികളാണ്. ചീട്ടുകളത്തിലെ ‘ക്രമസമാധാനം’ പാലിക്കാൻ കാവൽനിൽക്കുന്ന ഗുണ്ടാ സംഘങ്ങൾക്കും ലക്ഷങ്ങളാണ് വരുമാനം.
മണർകാട് നാലു മണിക്കാറ്റിനു സമീപത്തെ രഹസ്യ കേന്ദ്രത്തിലാണ് ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി കളമുള്ളത്. ബ്ലേഡ് മാഫിയ സംഘത്തലവനും, മുൻപ് തട്ടിപ്പിനു സി.ബി.ഐ വരെ കേസ് രജിസ്റ്റർ ചെയ്ത മാഫിയ സംഘത്തവനുമായ ബ്ലേഡ് തലവനാണ് ഈ ചീട്ടുകളി കളത്തിനു കാവൽ നിൽക്കുന്നത്. മുൻപ് ഗാന്ധിനഗറിൽ ചീട്ടുകളി സ്ഥലത്ത് ചീട്ടും കാശുമിറക്കി കളിപ്പിക്കുന്നതിനിടെ ഗാന്ധിനഗർ പൊലീസ് പിടികൂടിയ രണ്ടു ഗുണ്ടാ നേതാക്കളാണ് ഈ ചീട്ടുകളി കളത്തിനു കാവൽ നിൽക്കുന്നതും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കളി നടക്കുന്ന ഈ കളത്തിൽ ലക്ഷങ്ങളാണ് ഒഴുകുന്നത്. ഇവിടെ നിരന്തരം മുന്തിയ വാഹനങ്ങൾ എത്തുന്നത് കണ്ട നാട്ടുകാരിൽ ചിലർ അന്വേഷിച്ചപ്പോഴാണ് ഇവിടെ നടക്കുന്നത് വമ്പൻ ചീട്ടുകളിയാണ് എന്നു കണ്ടെത്തിയത്. തുടർന്നു, നാട്ടുകാർ പ്രശ്‌നത്തിൽ ഇടപെടുകയും ചീട്ടുകളി അവസാനിപ്പിക്കണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, തങ്ങൾ ഉന്നത പോലീസുകാർക്കടക്കം പണം നൽകുന്നുണ്ടെന്നും അതുകൊണ്ടു ഒരു പൊലീസും തങ്ങളെ ഒന്നും ചെയ്യില്ലെന്നുമാണ് ഈ ഗുണ്ടാ സംഘത്തിന്റെ ഭീഷണി.
ഈരാറ്റുപേട്ടയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി കളം നടന്നതിനു സമാനമായ സ്ഥിതിയാണ് ഇപ്പോൾ മണർകാട്ടുമെന്നാണ് ലഭിക്കുന്ന വിവരം.