play-sharp-fill
മദ്യലഹരിയിൽ വാഹനമോടിച്ച് വീണ്ടും അപകടം ; ഓൺലൈൻ ഭക്ഷണവിതരണക്കാരന് പരിക്ക്, വാഹനമോടിച്ച ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു

മദ്യലഹരിയിൽ വാഹനമോടിച്ച് വീണ്ടും അപകടം ; ഓൺലൈൻ ഭക്ഷണവിതരണക്കാരന് പരിക്ക്, വാഹനമോടിച്ച ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു

 

സ്വന്തം ലേഖിക

തിരുവനന്തപുരം : മദ്യലഹരിയിൽ ഡോക്ടർ ഓടിച്ച കാറിടിച്ച് ഓൺലൈൻ ഭക്ഷണവിതരണക്കാരന് പരിക്ക്. തലസ്ഥാനത്തെ സ്വകാര്യ കണ്ണാശുപത്രിയിലെ ഡോക്ടറായ വി ആർ ജയറാമിനെതിരെ കേസെടുത്തു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് എംജി റോഡ് മുറിച്ചുകടന്ന കാർ, ബൈക്കിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

അപകടത്തെ തുടർന്ന് കാർ നിർത്തിയെങ്കിലും അമിത വേഗത്തിൽ ബൈക്കിന് മുകളിലൂടെ കയറ്റിയിറക്കി ബേക്കറിഭാഗത്തേക്ക് ഓടിച്ചുപോയി. കാർ മുന്നോട്ടുവരുന്നതുകണ്ട ബൈക്ക് യാത്രികനായ ആദർശ് ഉരുണ്ടുമാറുകയായിരുന്നു. ആദർശിന്റെ സുഹൃത്തുക്കളായ ഓൺലൈൻ ഭക്ഷണവിതരണക്കാർ ഈ സമയം ബൈക്കുകളിൽ പിന്നാലെ വരികയായിരുന്നു. അവർ കാറിനെ പിന്തുടർന്ന് ബേക്കറിക്ക് സമീപം കാർ തടഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ ഡോക്ടറാണെന്ന് അവകാശപ്പെട്ട ജയറാം, പരിക്കേറ്റയാളെ ചികിത്സിക്കാൻ തയാറാണെന്നും പറഞ്ഞു. അപകടത്തിനിരയായ കെഎൽ 01 സിബി 6254 എന്ന രജിസ്‌ട്രേഷനുള്ള ഫോർഡ് എൻഡേവർ കാർ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കാറോടിച്ച ഡോ വി.ആർ ജയറാമിനെ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പ്രതിയെ മാറ്റാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഓൺലൈൻ ഭക്ഷണവിതരണക്കാർ സ്റ്റേഷന് മുന്നിൽ സംഘടിച്ചു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഡോ. ജയറാമിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.

പട്ടം പി.എസ്.സ്.എസി ഓഫീസിനു മുന്നിൽ 11.30 ഓടെയുണ്ടായ മറ്റൊരപകടത്തിൽ സ്വിഫ്റ്റ് കാർ ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറി. വാഹനത്തിലുണ്ടായിരുന്ന യുവാക്കൾ ഇരുവരും മദ്യലഹരിയിലായിരുന്നു.