കാർ യാത്രക്കാരനെ മനപുർവം ഇടിച്ച സംഭവം: സോണിയുടെയും സിന്ധുവിന്റെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്തു: രണ്ടു വണ്ടിയ്ക്കും മോട്ടോർ വാഹന വകുപ്പിന്റെ പിഴ
സ്വന്തം ലേഖകൻ
കോട്ടയം: ബസേലിയസ് കോളേജ് ജംഗ്ഷനിൽ കാർ യാത്രക്കാരന്റെ പിന്നിൽ മനപൂർവം ബസ് ഇടിപ്പിച്ച സംഭവത്തിൽ രണ്ടു ബസിന്റെയും ജീവനക്കാരുടെയും ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു. രണ്ടു ബസിന്റെയും ഉടമകളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ബസ് ഇടിപ്പിച്ചത് സംബന്ധിച്ച വാർത്ത തേർഡ് ഐ ന്യുസ് ലൈവാണ് ആദ്യം പുറത്ത് വിട്ടത്. തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചത്. മല്ലപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന സോണീസ് ബസിലെ ഡ്രൈവർ മല്ലപ്പള്ളി സ്വദേശി മുഹമ്മദ് നഫീസ് , കണ്ടക്ടർ ടി.ജെ ഗോപി, സിന്ധു ബസിലെ ഡ്രൈവർ എം.എൻ സരീഷ് കുമാർ എന്നിവരുടെ ലൈസൻസാണ് ആർ.ടി ഒ വി എം ചാക്കോ സസ്പെന്റ് ചെയ്തത്. എൻഫോഴ്സ്മെന്റ് ആർ ടി ഒ ടോജോ എം തോമസിന്റെ സ്ക്വാഡിലെ എം വി ഐമാരായ എം.ബി ജയചന്ദ്രൻ , കിഷോർ രാജ് എന്നിവരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ടാക്സ് ഇല്ലാതെ സർവീസ് നടത്തിയ സോണീസ് ബസിൽ നിന്നും നികുതി കുടിശികയും അടക്കം 6700 രൂപ പിഴയായി ഈടാക്കി. ആറ് ദിവസത്തിന് ശേഷം സോണീസ് ബസ് വിട്ടു കൊടുക്കുകയും ചെയ്തിട്ടുണ്ട്. സിന്ധു ബസ് സ്പീഡ് ഗവർണർ ഇല്ലാതെയാണ് സർവീസ് നടത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഈ ബസിന് 6000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 25 നാണ് ബസേലിയസ് കോളജ് ജംഗ്ഷന് മുന്നിലെ സിഗ്നൽ ലൈറ്റിൽ സിഗ്നൽ കാത്ത് നിർത്തിയിട്ടിരുന്ന കഞ്ഞിക്കുഴി സ്വദേശിയുടെ ഇന്നോവ കാറിന് പിന്നിൽ സോണീസ് ബസ് ഇടിപ്പിക്കുകയായിരുന്നു. തുടർന്ന് ബസിന്റെ ചിത്രങ്ങൾ സഹിതം കാർ ഉടമ പരാതി നൽകുകയായിരുന്നു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് രണ്ട് ബസും പിടിച്ചെടുത്തതും നടപടി സ്വീകരിച്ചതും.