രോഗിയുമായി ആശുപത്രിയിലേക്ക് പോയ കാർ ഓടുന്നതിനിടെ കത്തിനശിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊച്ചി: ഓടുന്ന കാറിന് തീപിടിച്ച് കോഴിക്കോട് ഒരാൾ വെന്തുമരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പേ വീണ്ടും തീപിടിത്തം. അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിനശിച്ചെങ്കിലും തീ പടരുന്നതിന് മുമ്പ് ഇറങ്ങിയോടിയതിനാൽ യാത്രക്കാർ രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെ രോഗിയുമായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ആലുവ യുസി കോളേജിന് സമീപത്ത് താമസിക്കുന്ന ആഷിഖ് എന്നയാളുടേതാണ് കാർ. അങ്കമാലിയിൽ എത്തിയപ്പോൾ കാറിന്റെ മുന്നിൽ നിന്ന് പുക വരുന്നത് ഉള്ളിലുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ കാർ നിർത്തിയശേഷം മൂവരും ഇറങ്ങിയോടി.
നിമിഷങ്ങൾക്കകം കാർ കത്തിയമർന്നു. അങ്കമാലിയിൽ നിന്ന് എത്തിയ അഗ്നിശമന സേനയാണ് തീ കെടുത്തിയത്. ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസമാണ് കോഴിക്കോട് ഓട്ടോമൊബൈൽസ് ഉടമയായ അറുപത്തെട്ടുകാരൻ കാർ കത്തി ദാരുണമായി മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് കോർപ്പറേഷനിലെ മുൻ ഡ്രെെവർ കൂടിയായ ചേളന്നൂർ പുന്നശ്ശേരിയിൽ പി.മോഹൻദാസിനായിരുന്നു ദാരുണാന്ത്യം. മോഹൻദാസ് ഓടിച്ചിരുന്ന വാഗൺആറിന് തീപിടിക്കുന്നത് കണ്ട വഴിയാത്രക്കാർ ശ്രദ്ധയിൽപ്പെടുത്തി. റോഡരികിലേക്ക് കാർ ഒതുക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങിയത് തടസമായി.ബീച്ച് അഗ്നിശമനസേനയും വെള്ളയിൽ പൊലീസും സ്ഥലത്തെത്തി തീ അണച്ച് പുറത്തെടുത്തപ്പോൾ മരണം സംഭവിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.