മലപ്പുറത്ത് വീട്ടുമുറ്റത്ത് കാറിന് തീപിടിച്ചു; പൊള്ളലേറ്റ യുവാവ് മരിച്ചു

Spread the love

മലപ്പുറം: വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പടിക്ക് സമീപം പൊറോളി അബ്ദുള്ള (ചേളാരി ജിഡിഎസ് മാര്‍ട്ട് എംഡി)യുടെ മകന്‍ ആദില്‍ ആരിഫ്ഖാന്‍(29) ആണ് മരിച്ചത്. ഒക്ടോബര്‍ 20-ന് അര്‍ധരാത്രിയോടെയായിരുന്നു അപകടം.

ചേളാരി ഭാഗത്തുനിന്ന് വീട്ടിലേക്ക് വരികയായിരുന്ന ആദില്‍ വീടിന് സമീപം കാര്‍ നിര്‍ത്തി ഗെയ്റ്റ് തുറന്ന് വീണ്ടും കാര്‍ സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുത്തപ്പോഴാണ് തീപിടിച്ചത്. വാതില്‍തുറന്ന് പുറത്തിറങ്ങിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് തീയണച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ആദിലിനെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

രണ്ടുദിവസം മുന്‍പ് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

വിദേശത്ത് ജോലിയുള്ള ആദില്‍ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് അടുത്തിടെ നാട്ടിലെത്തിയത്. വിദേശത്തേക്ക് തിരിച്ച് പോകാനിരിക്കുകയായിരുന്നു.

മൃതദേഹം ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍നിന്ന് നെടുമ്പാശ്ശേരിയിലെത്തിക്കും. കബറടക്കം ബുധനാഴ്ച ഏഴിന്. ഭാര്യ: ഷംല, രണ്ടുമാസം പ്രായമുള്ള കുട്ടിയുണ്ട്