play-sharp-fill
കാറും ഡ്രൈവറും സി.പി.എം വക..! ജോസ് കെ.മാണി തിരുവനന്തപുരത്ത് പാർട്ടി ഓഫിസുകളിൽ കയറിയിറങ്ങിയത് പാർട്ടി നൽകിയ കാറിൽ; ഇനി ബാക്കി മുന്നണിയുടെ ഘടകക്ഷിയാകുന്ന ചടങ്ങ്

കാറും ഡ്രൈവറും സി.പി.എം വക..! ജോസ് കെ.മാണി തിരുവനന്തപുരത്ത് പാർട്ടി ഓഫിസുകളിൽ കയറിയിറങ്ങിയത് പാർട്ടി നൽകിയ കാറിൽ; ഇനി ബാക്കി മുന്നണിയുടെ ഘടകക്ഷിയാകുന്ന ചടങ്ങ്

തേർഡ് ഐ പൊളിറ്റിക്‌സ്

കോട്ടയം: കാറും ഡ്രൈവറും സി.പി.എം വക..! ഒടുവിൽ ജോസ് കെ.മാണി ഔദ്യോഗികമായി എ.കെ.ജി സെന്ററിന്റെ പടികൾ കയറി. 39 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കേരള കോൺഗ്രസിന്റെ പ്രധാനപ്പെട്ട പ്രതിനിധികളിൽ ഒരാൾ ഇടതു മുന്നണിയുടെ ഭാഗമായപ്പോൾ ഇരുകയ്യും നീട്ടിയാണ് നേതാക്കളും അണികളും ജോസ് കെ.മാണിയെ സ്വീകരിച്ചത്. ഇതോടെ ഔദ്യോഗികമായി കേരള കോൺഗ്രസ് എം ഇടതു മുന്നണിയുടെ ഭാഗമായി. അധികം വൈകാതെ തന്നെ കേരള കോൺഗ്രസ് എമ്മിന് ഘടകക്ഷി പദവി നൽകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.


സി.പി.എം ആശിർവാദത്തോടെ തലസ്ഥാനത്ത് ജോസ് കെ മാണിയുടെ കൂടിക്കാഴ്ചകൾ സജീവമായി നടക്കുകയായിരുന്നു വെള്ളിയാഴ്ച കൂടിക്കാഴ്ചകൾക്കായി എ.കെ.ജി സെന്ററിന്റെ വാഹനത്തിനേയും ഡ്രൈവറിനെയുമാണ് ജോസിന് വിട്ടുനൽകിയത്. സി.പി.എം നൽകിയ വാഹനത്തിലാണ് ജോസ് കാനത്തെ കാണാൻ എം.എൻ സ്മാരകത്തിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് എ.കെ.ജി സെന്ററിൽ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ജോസ് എത്തിയത്. വളരെ പെട്ടെന്ന് എൽ.ഡി.എഫ് യോഗം ചേരാൻ സി.പി.എം തീരുമാനമെടുത്തേക്കും. ജോസിന്റെ ഭാഗത്ത് നിന്ന് കൂടുതൽ നേതാക്കളെ മറുകണ്ടം ചാടിപ്പിക്കാൻ കോൺഗ്രസും പി.ജെ ജോസഫും ശ്രമം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ജോസിന്റെ മുന്നണി പ്രവേശനം വേഗത്തിലാക്കാനാണ് സി.പി.എം നീക്കം. വൈകും തോറും കൂടുതൽ നേതാക്കൾ യു.ഡി.എഫിന്റെ ഭാഗമാകുമെന്നും ഭയമുണ്ട്.

രാവിലെ തൈയ്ക്കാട് ഗസ്റ്റ് ഹൗസിലേക്ക് എ.കെ.ജി സെന്ററിൽ നിന്ന് ഒരു വാഹനം പുറപ്പെട്ടിരുന്നു. ജോസിന് എന്തെങ്കിലും നിർദേശം നൽകാനായിരിക്കും വാഹനം അങ്ങോട്ടേക്ക് പോയത് എന്നായിരുന്നു പൊതുവിലുളള സംസാരം. എന്നാൽ ആ വാഹനം അവിടെയെത്തി നിർദേശം കൈമാറിയതിന് ശേഷം അതേ വാഹനത്തിൽ ജോസ് കെ മാണി എം.എൻ സ്മാരകത്തിലേക്ക് പുറപ്പെടുകയായിരുന്നു.

വാർത്തകളും രഹസ്യങ്ങളും ചോരരുത് എന്നതാകാം വാഹനവും ഡ്രൈവറും ജോസിന് നൽകിയതിന് പിന്നിലെ സി.പി.എം അജണ്ടയെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്നണിക്കകത്ത് പ്രവേശിക്കും മുമ്പ് എ.കെ.ജി സെന്ററിന്റെ വാഹനത്തിലൂടെ ജോസ് കെ മാണി തലസ്ഥാനത്ത് സഞ്ചരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. വളരെ തകൃതിയായി ഒരു പാർട്ടിക്കും കിട്ടാത്ത പരിഗണനയാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് ജോസിന് കിട്ടുന്നത്. ചർച്ചകൾക്ക് ശേഷം കോടിയേരി ബാലകൃഷ്ണനും വിജയരാഘവനും പുറത്തേക്കിറങ്ങി മാദ്ധ്യമങ്ങൾക്ക് മുന്നിൽ വച്ച് യാത്ര പറഞ്ഞാണ് എ.കെ.ജി സെന്ററിൽ നിന്നും ജോസിനെ മടക്കി അയച്ചത്.