അറ്റകുറ്റപണിയ്ക്കായി സർവീസ് സ്റ്റേഷനിൽ കാർ നൽകിയാൽ പകരം വണ്ടി നൽകണം: പകരം വണ്ടി നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം ഉടമയ്ക്ക്; കോട്ടയം ഉപഭോക്തൃകോടതിയുടെ ചരിത്ര വിധി; കാറിന്റെ അറ്റകുറ്റപണി നടത്താൻ വൈകിയ പോപ്പുലറും, ഹു്ണ്ടായും ഉടമയ്ക്ക് നൽകേണ്ടത് 1.94 ലക്ഷം രൂപ

അറ്റകുറ്റപണിയ്ക്കായി സർവീസ് സ്റ്റേഷനിൽ കാർ നൽകിയാൽ പകരം വണ്ടി നൽകണം: പകരം വണ്ടി നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം ഉടമയ്ക്ക്; കോട്ടയം ഉപഭോക്തൃകോടതിയുടെ ചരിത്ര വിധി; കാറിന്റെ അറ്റകുറ്റപണി നടത്താൻ വൈകിയ പോപ്പുലറും, ഹു്ണ്ടായും ഉടമയ്ക്ക് നൽകേണ്ടത് 1.94 ലക്ഷം രൂപ

സ്വന്തം ലേഖകൻ
കോട്ടയം: കാർ അറ്റകുറ്റപണികൾക്കായി ഷോറൂമിൽ നൽകുമ്പോൾ പകരം വണ്ടി ഷോറൂം അധികൃതർ നൽകണമെന്ന വിവരം ആർക്കെങ്കിലും അറിയുമോ..? ഇത്തരത്തിൽ നിശ്ചിത കാലാവധിയിൽ കൂടുതൽ വണ്ടിയുടെ സർവീസ് വൈകിയാൽ, ഇതിനു പകരം വാഹനം നൽകുകയോ, ഇല്ലെങ്കിൽ ഇവർ ഉപയോഗിച്ച ടാക്‌സിയുടെ നിരക്ക് നൽകുകയോ ചെയ്യണമെന്നാണ് ചട്ടം.
ഈ ചട്ടം പാലിക്കണമെന്ന് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത് കോട്ടയം ഉപഭോക്തൃ കോടതിയാണ്. ഈ ചട്ടം പാലിക്കാതിരുന്ന പോപ്പുലർ സർവീസ് സെന്ററും ഹുണ്ടായും നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
അപകടത്തിൽപ്പെട്ട കാറിന്റെ അറ്റകുറ്റപണി നടത്തി തിരികെ നൽകാൻ മൂന്നു മാസം താമസിച്ചതിനാണ് ഉപഭോക്താവിന് 1.94 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചിരിക്കുന്നത്.
കുമാരനല്ലൂർ ആലപ്പാട്ട് വീട്ടിൽ ജെസിമോൾ ജോയിയുടെ ഹ്യുണ്ടായി ഐ ട്വന്റി കാർ നാലു വർഷം മുൻപ് അപകടത്തിൽപ്പെട്ട സംഭവത്തിലാണ് ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചിരിക്കുന്നത്.
അപകടത്തിൽപ്പെട്ട കാറിന്റെ അറ്റകുറ്റപണി നടക്കുന്ന സമയത്ത്, പകരം ഉപയോഗിക്കാൻ മറ്റൊരു കാർ നൽകണമെന്ന നിർദേശം പാലിക്കപ്പെട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി കർശന നടപടികളിലേയ്ക്കു കടന്നത്.
കോടിമതയിലെ പോപ്പുലർ ഹുണ്ടായ് സർവീസ് സെന്റർ, കാർ ഉത്പാദകരായ ഹുണ്ടായ് മോട്ടോഴ്‌സ്, ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി എന്നിവർ നഷ്ടപരിഹാരം നൽകണമെന്നാണ് വിധിച്ചിരിക്കുന്നത്.
ഉപഭോക്തൃ കോടതി പ്രസിഡന്റ് വി.എസ് മനുലാൽ, അംഗം ആർ.ബിന്ദു എന്നിവരുടേതാണ് വിധി.
അപകടത്തിൽപ്പെട്ട കാറിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കാൻ മൂന്നു മാസത്തോളമാണ് കമ്പനി എടുത്തിരുന്നത്.
ഈ സമയത്ത് വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചതിന് 99,000 രൂപയും, സീറ്റ് കവറിന്  നാശമുണ്ടാക്കിയതിന് 30,000 രൂപയും, കീടങ്ങളെ അകറ്റുന്നതിനുള്ള ഓയിൽ പൂശാമെന്ന് പറഞ്ഞു കബളിപ്പിച്ച 1500 രൂപയും  കോടിമത പോപ്പുലർ ഹുണ്ടായ് ഷോറും അധികൃതർ നൽകണമെന്ന് കോടതി വിധിച്ചു.
ഉത്തരവാദിത്വമില്ലാത്ത സർവീസ് അധികൃതരെ ഏൽപ്പിച്ച ഹുണ്ടായ് അധികൃതർ 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഇൻഷ്വറൻസ് തുക നൽകാൻ വൈകിയ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി 15,000 രൂപ നഷ്ടപരിഹാരം നൽകണം.
പരാതിക്കാർക്ക് വേണ്ടി അഡ്വ.ഫ്രാൻസിസ് തോമസ് കോടതിയിൽ ഹാജരായി.
ജെസിമോളുടെ ഉടമസ്ഥതയിലുള്ള ഹുണ്ടായ് ഐ ട്വന്റി കാർ അപകടത്തിൽപ്പെട്ടിരുന്നു. ഈ കാർ കോടിമതയിലെ ഹുണ്ടായി ഷോറൂമിൽ സർവീസിനായി നൽകി.
രണ്ടാഴ്ചയാണ് സർവീസ് പൂർത്തിയാക്കാനായി നൽകിയിരുന്ന സമയം. എന്നാൽ, മൂന്നു മാസം കഴിഞ്ഞിട്ടും സർവീസ് പൂർത്തിയാക്കാൻ കമ്പനി അധികൃതർക്ക് സാധിച്ചില്ല. തുടർന്നാണ് ഇവർ പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
കൃത്യമായ സമയത്ത് വാഹനം സർവീസ് പൂർത്തിയാക്കി നൽകിയില്ലെന്നും, ഈ കാലാവധിയിൽ ഉപയോഗിക്കുന്നത് പകരം വാഹനം നൽകിയില്ലെന്നും ഇതിനാൽ നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
തുടർന്ന് വാദം കേട്ട കോടതി നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു.