അന്ന് പ്രാദേശികമായി നിര്‍മിച്ച പ്രഷര്‍കുക്കര്‍ ബോംബ്;ഇന്ന് അതിനേക്കാള്‍ എത്രയോ വീര്യമേറിയ സ്‌ഫോടകവസ്തുക്കൾ; ജുമാ മസ്ജിദ്, ചെങ്കോട്ട ദുരൂഹമായ കാർ സ്‌ഫോടനങ്ങൾ;പഴുതടച്ച സുരക്ഷയൊരുക്കുന്ന രാജ്യതലസ്ഥാനത്തെ സ്‌ഫോടനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ അനവധി

Spread the love

ന്യൂഡല്‍ഹി: 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് 13 ദിവസം മാത്രം ബാക്കി നിൽക്കെ
ഡല്‍ഹി ജുമാ മസ്ജിദിന്റെ ഗേറ്റിനടുത്ത് ഇതുപോലൊരു കാര്‍സ്‌ഫോടനം. ഇന്നലെ സ്‌ഫോടനമുണ്ടായ ചെങ്കോട്ട പരിസരത്തുനിന്ന് വിളിപ്പാടകലെ മാത്രം.

video
play-sharp-fill

നിര്‍ത്തിയിട്ട കാറിനകത്തെ പ്രഷര്‍കുക്കര്‍ ബോംബ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതിന് മാധ്യമപ്രവര്‍ത്തകരും സാക്ഷിയായി. ആളപായമുണ്ടായില്ലെങ്കിലും ഒട്ടേറെ വിദേശികളെത്തുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് തൊട്ടുമുന്നേ നടന്ന സ്‌ഫോടനം സുരക്ഷാ ഏജന്‍സികള്‍ക്ക് തലവേദനയുണ്ടാക്കി.

സ്‌ഫോടനമുണ്ടായ കാറിന്റെ ഉടമയെ കേന്ദ്രീകരിച്ചുംമറ്റും അന്വേഷണങ്ങള്‍ നടന്നെങ്കിലും അന്നത്തെ സംഭവത്തിനുപിന്നിലെ ദുരൂഹത പൂര്‍ണമായി നീക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടെനിന്ന് കഷ്ടിച്ച് 500 മീറ്റര്‍ മാത്രമകലെയാണ് തിങ്കളാഴ്ച വീണ്ടുമൊരു കാര്‍സ്‌ഫോടനം ഡല്‍ഹിയെ നടുക്കിയത്. സ്‌ഫോടനവിവരമറിഞ്ഞ് ചെങ്കോട്ടയ്ക്ക് സമീപത്തേക്ക് കുതിക്കുമ്പോള്‍ ഇന്നും ദുരൂഹത നീങ്ങാത്ത 2010-ലെ സംഭവം ഓര്‍മ്മയിലേക്ക് വന്നു.

പ്രാദേശികമായി നിര്‍മിച്ച പ്രഷര്‍കുക്കര്‍ ബോംബാണ് അന്ന് പൊട്ടിയതെങ്കില്‍ അതിനേക്കാള്‍ എത്രയോ വീര്യമേറിയ സ്‌ഫോടകവസ്തുക്കളാണ് തിങ്കളാഴ്ച ഒട്ടേറെപ്പേരുടെ ജീവനുകള്‍ കവര്‍ന്നത്. കത്തിക്കരിഞ്ഞ ശരീരഭാഗങ്ങളും പൊട്ടിത്തെറിച്ചുവീണ വാഹനഭാഗങ്ങളും ചരിത്രമുറങ്ങുന്ന ചെങ്കോട്ടയെ ഭീതിയുടെ അന്തരീക്ഷമാക്കി.

അഗ്‌നിരക്ഷാസേനയുടെയും പോലീസിന്റെയും വാഹനങ്ങളും ആംബുലന്‍സുകളും ചെങ്കോട്ടയ്ക്കു സമീപം നിറഞ്ഞു. സ്‌ഫോടനം നടന്ന് മിനിറ്റുകള്‍ക്കകം സംഭവസ്ഥലം പോലീസ് ബാരിക്കേഡുകള്‍ നിരത്തിയടച്ചിട്ടു. ക്രൈംബ്രാഞ്ചിലെയും ഫൊറന്‍സിക് വിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

പഴുതടച്ച സുരക്ഷയൊരുക്കുന്ന രാജ്യതലസ്ഥാനത്തെ സ്‌ഫോടനം അന്വേഷണ ഏജന്‍സികള്‍ക്കും ഇന്റലിജന്‍സ് വിഭാഗത്തിനും മുന്നില്‍ ഏറെ ചോദ്യങ്ങളുയര്‍ത്തും.