
കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഇതുവരേയും കണ്ടെത്താനായില്ല. ഒളിവില്‍ പോയ മുന്നൂർ സ്വദേശി ഇർഫാനായി അന്വേഷണം തുടരുന്നു.
സാമ്പത്തിക തർക്കത്തെ തുടർന്നാണ് അയല്‍വാസികളായ സഹോദരങ്ങളെ ഇർഫാൻ കാറിടിപ്പിച്ച് തെറിപ്പിച്ചത്. കൂളിമാട് മുന്നൂരില്‍ ഇന്നലെ രാവിലെ പത്ത് മണിക്കായിരുന്നു സംഭവം.
അപകടത്തിന് പിറകെയാണ് ഇർഫാൻ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലാണ്. ഒരു ദിവസം പിന്നിട്ടെങ്കിലും പ്രതി എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബന്ധുക്കളേയും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം.
അയല്‍വാസിയായ തൻസിഫുമായി ഇർഫാന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ട്. ഇന്നലെ രാവിലെ വീട്ടിലെത്തിയ ഇർഫാൻ തൻസിഫിനെ മർദിച്ചിരുന്നു. സാരമായി പരിക്കേറ്റ തൻസിഫിനെ ഇർഫാൻ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
സഹോദരനെ മർദിച്ചതറിഞ്ഞ തസ്നീമും തൻസിലും ബൈക്കില്‍ ഇർഫാനെ തേടി ഇറങ്ങി. കയ്യില്‍ വടിയും കരുതിയിരുന്നു. റോഡില്‍ കാർ തടഞ്ഞ് ഇറങ്ങുന്നതിനിടെയാണ് കാറിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തൻസീലിന്റെ തലയോട്ടിയും നട്ടെല്ലും പൊട്ടി. തസ്നീമിന്റെ ഇടുപ്പെല്ല് മുറിഞ്ഞു. കാർ ഉപേക്ഷിച്ച് ഇർഫാൻ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. വധശ്രമത്തിന് കേസെടുത്ത മാവൂർ പൊലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്.



