
കൊച്ചി: കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പുലർച്ചെ രണ്ടരയോടെ കലൂർ ശാസ്താ റോഡില്‍ വച്ചാണ് പൊലീസുകാരനെ കാറടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. അപകടമുണ്ടാക്കിയ കാർ പോലീസ് കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.
കൊല്ലം സ്വദേശി ഷംനാദ്, ഇർഷാദ് എന്നിവരെയാണ് പിടികൂടിയത്. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ.സന്തോഷിനെയാണ് ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയത്.
വാഹന പരിശോധന നടക്കുന്നതിനിടെ കടന്നുവന്ന നീല നിറമുള്ള കാർ നിർത്താൻ പൊലീസുകാർ ആവശ്യപ്പെട്ടിരുന്നു. ആദ്യം വേഗത കുറച്ച ശേഷം പെട്ടെന്ന് വേഗം കൂട്ടി പോലീസുദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. റോഡില്‍ പരിശോധനയിലേർപ്പെട്ട എ.എസ്.ഐ സന്തോഷ് ബോണറ്റിലേക്ക് വീണു. സന്തോഷുമായി കാർ 20 മീറ്ററോളം മുന്നോട്ട് പാഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സഡൻ ബ്രേക്ക് ഇട്ട് വെട്ടിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥൻ തെറിച്ച് റോഡിലേക്ക് വീണു. വീഴ്ചയില്‍ ഉദ്യോഗസ്ഥന്റെ ഇരുകാലുകള്‍ക്കും ക്ഷതമേറ്റു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തുനിന്ന് രണ്ടുപേരെ പിടികൂടിയത്. കൊല്ലത്തു നിന്നും കൊച്ചിയില്‍ പഠിക്കാൻ എത്തിയ ഷംനാദ്, ഇർഷാദ് എന്നിവരാണ് പിടികിലായത്.
എതെങ്കിലും ലഹരി ഇടപാടുമായി ഇവർക്ക് ബന്ധമുണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.



