
കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍ കാറുമായി 16-കാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ പരാക്രമം. ഞാറയ്ക്കല്‍, ചെറായി, എടവനക്കാട് മേഖലകളിലെ ഒട്ടേറെ സ്ഥലങ്ങളില്‍ 16-കാരന്‍ അപകടമുണ്ടാക്കി. ഒട്ടേറെ വാഹനങ്ങളിലും മതിലുകളിലും കാറിടിച്ചു. അലക്ഷ്യമായി ഓടിച്ച കാറിടിച്ച് പ്രായമായ സ്ത്രീയ്ക്കും പരിക്കേറ്റു.
ഇതില്‍ ചില അപകടങ്ങളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍, സിസിടിവിയില്ലാത്ത ഒട്ടേറെസ്ഥലങ്ങളിലും 16-കാരന്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു.
16-കാരനെ തടയാന്‍ശ്രമിച്ച ബൈക്ക് യാത്രികനും മറിഞ്ഞുവീണു. ഇതിനിടെയാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെയും ഇടിച്ചുതെറിപ്പിച്ചത്. ഇവര്‍ ചികിത്സയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമംലംഘിച്ച് കാറുമായി റോഡിലിറങ്ങിയ 16-കാരൻ അമിതവേഗത്തിലും അലക്ഷ്യമായിട്ടുമാണ് വാഹനമോടിച്ചിരുന്നത്. 16-കാരനും കൂട്ടുകാരായ രണ്ടുപേരും അടക്കം മൂന്ന് കുട്ടികളാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
അപകടമുണ്ടാക്കിയ വാഹനം ഞാറയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കാറുടമയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.



