ഷൂട്ടിങ്ങിനിടെ വാഹനാപകടം; പരാതിക്കാരില്ലാത്തതിനാല്‍ പോലീസ് കേസ് ഒഴിവായി ; കൊച്ചി നഗരത്തെ നടുക്കിയ വലിയൊരു അപകടം അവസാനിച്ചത് സെറ്റില്‍മെന്റിൽ
സ്വന്തം ലേഖകൻ
സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ പരാതിക്കാരില്ലാത്തതിനാല്‍ പോലീസ് കേസ് ഒഴിവായി. എറണാകുളം എംജി റോഡില്‍ അർധരാത്രി അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് റോഡരികില്‍ നിന്നവർക്കും കാറില്‍ ഉണ്ടായിരുന്ന താരങ്ങള്‍ അടക്കം മൂന്നുപേർക്കുമാണ് പരുക്കേറ്റത്.
കാര്‍ തലകീഴായി മറിഞ്ഞ് അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ് എന്നിവര്‍ക്ക് പരുക്കേറ്റു. നിര്‍ത്തിയിട്ടിരുന്ന ഒരു കാറിലും രണ്ടു ബൈക്കിലും ഇടിച്ച് നാശനഷ്ടവും ഉണ്ടായി. മഞ്ഞ നിറത്തിലുളള ടാറ്റ ടിയാഗോ കാറാണ് ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നത്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനാപകടങ്ങളില്‍ പരാതി ലഭിക്കാതെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാറില്ല. അപകടത്തില്‍ പരിക്കേറ്റ സിനിമാ പ്രവര്‍ത്തകർ അല്ലാത്തവരോട് അണിയറക്കാര്‍ സംസാരിച്ച് സെറ്റില്‍ ചെയ്തു. വാഹനങ്ങള്‍ക്കുള്ള കേടുപാട് അടക്കം പരിഹരിക്കാം എന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്. അതിനാല്‍ ആരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല. ഇതോടെയാണ് ഇന്ന് പുലർച്ചെ നഗരത്തെ നടുക്കിയ വലിയൊരു അപകടം പോലീസ് കേസാകാതെ അവസാനിച്ചത്.
‘ബ്രൊമാന്‍സ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ആയിരുന്നു അപകടം. സിനിമയിലെ നായികാവേഷം ചെയ്യുന്ന മഹിമ നമ്ബ്യാര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന സീനാണ് ചിത്രീകരിച്ചിരുന്നത്. നായികയെ ഉള്ളിലിരുത്തിയുള്ള സീനുകള്‍ ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. അതിനുശേഷം അതിൻ്റെ ഡ്രോണ്‍ ഷോട്ട് ആണ് എടുക്കാൻ ശ്രമിച്ചത്. അതുകൊണ്ട് തന്നെ മഹിമ ഉള്ളില്‍ ഉണ്ടായിരുന്നില്ല. നായികക്ക് പകരം സ്റ്റണ്ട് ടീമിലെ ഡ്രൈവര്‍ ആയിരുന്നു വാഹനം ഓടിച്ചത്. മുന്‍ സീറ്റില്‍ അര്‍ജുനും പിന്നില്‍ സംഗീതും ഉണ്ടായിരുന്നു.
സംഗീത് പ്രതാപിന്റെ കഴുത്തിന് പൊട്ടലുണ്ട്. മറ്റുളവരുടെ പരുക്ക് സാരമുള്ളതല്ല. അപകടത്തിന് പിന്നാലെ തന്നെ സ്ഥലത്തെത്തിയ പോലീസ് ആണ് വാഹനങ്ങള്‍ സ്ഥലത്ത് നിന്ന് നീക്കിയത്. ഇതിൻ്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ആരും പരാതി നല്‍കിയിട്ടില്ല. അതിനാലാണ് കേസ് ഒഴിവാക്കുന്നതെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്ഥിരീകരിച്ചു.
ജോ ആന്‍ഡ് ജോ, 18 പ്ലസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അരുണ്‍ ജോസിന്റെ പുതിയ ചിത്രമാണ് ബ്രൊമാന്‍സ്. ആഷിക് ഉസ്മാന്‍ നിര്‍മക്കുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.