
പാലക്കാട്: ചിറ്റൂർ റോഡിൽ കല്ലിങ്കൽ ജംക്‌ഷനു സമീപം കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിഞ്ഞു സുഹൃത്തുക്കളായ 3 യുവാക്കൾ തൽക്ഷണം മരിച്ചു.
കാറിലുണ്ടായിരുന്ന 3 പേർക്കു സാരമായ പരുക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നിനാണു സംഭവം.
പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ റോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണു മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാർ ഓടിച്ചിരുന്ന ചന്ദ്രനഗർ സ്വദേശി ആദിത്യൻ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിൻ (21) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിറ്റൂരിൽ നിന്നു പാലക്കാട്ടേക്കു വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. സുഹൃത്തുക്കളായ 6 പേരും ആഴ്ചാവസാനം പാലക്കാട്ടെത്തി യാത്രപോകുന്നതു പതിവാണ്. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് അപകടം.




