കാറിലിരുന്ന് യുവതിയ്‌ക്കൊപ്പം മദ്യപാനം: മണർകാട് നാലു മണിക്കാറ്റിൽ നാലംഗ സംഘം പൊലീസ് പിടിയിൽ; പിടികൂടിയത് മദ്യപാനത്തിനിടെ നാട്ടുകാരുമായി തർക്കത്തിൽ ഏർപ്പെട്ട സംഘം
തേർഡ് ഐ ബ്യൂറോ
കോട്ടയം: മണർകാട് നാലുമണിക്കാറ്റ് വിനോദ സഞ്ചാരകേന്ദ്രത്തിൽ പരസ്യമായി മദ്യപിക്കാൻ യുവതിയ്‌ക്കൊപ്പം എത്തിയ സംഘം, നാട്ടുകാരുമായി തർക്കത്തിൽ ഏർപ്പെട്ടു. തർക്കം അതിരൂക്ഷമായതോടെ നാട്ടുകാർ, പൊലീസിനെ വിവരം അറിയിച്ചു. തുടർന്നു പൊലീസ് സംഘം സ്ഥലത്ത് എത്തി കാറിനുള്ളിലുണ്ടായിരുന്നവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തിരുവഞ്ചൂർ സ്വദേശിയായ യുവതി അടങ്ങിയ സംഘമാണ് മണർകാട് നാലുമണിക്കാറ്റിൽ കാറിലിരുന്ന് മദ്യപിക്കുകയും നാട്ടുകാരുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. മണർകാട്ടെ സായാഹ്ന വിശ്രമകേന്ദ്രമായ നാലു മണിക്കാറ്റിൽ വൈകുന്നേരങ്ങളിൽ ആളുകൾ കുടുംബത്തോടെ എത്തുന്നത് പതിവാണ്. ഈ സമയം ഇവിടെ എത്തിയ മദ്യപ സംഘം കാറിനുള്ളിലിരുന്നു പരസ്യമായി മദ്യപിച്ചു. യുവതി അടക്കം നാലു പേരാണ് കാറിനുള്ളിലുണ്ടായിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറിനുള്ളിലിരുന്ന് മദ്യപിച്ച സംഘം, സമീപത്തുള്ള കച്ചവടക്കാരുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടു. മദ്യലഹരിയിൽ കാറിനുള്ളിലുണ്ടായിരുന്നവർ തർക്കം രൂക്ഷമായതിനെ തുടർന്നു കച്ചവടക്കാരെ അസഭ്യം പറഞ്ഞു. ഇവിടെ വിശ്രമിക്കുന്നതിനായി എത്തിയ കുടുംബങ്ങളും സ്ത്രീകളും അടക്കം നോക്കി നിൽക്കെയായിരുന്നു അതിരൂക്ഷമായ രീതിയിൽ അസഭ്യം പറഞ്ഞത്. സംഭവം കണ്ടു നിന്ന നാട്ടുകാരും സന്ദർശകരും വിഷയത്തിൽ ഇടപെട്ടതോടെ, ഇവർക്കെതിരെയായി അസഭ്യം വിളി. ഇതോടെ നാട്ടുകാർ വിവരം മണർകാട് പൊലീസിൽ അറിയിച്ചു.
പൊലീസ് എത്തി കാർ സഹിതം ഇവരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്നു, ഇവർക്കെതിരെ പൊതുസ്ഥലത്തു മദ്യപിച്ചതിനു പെറ്റിക്കേസ് ചുമത്തി വിട്ടയച്ചു. കാറിനുള്ളിൽ നിന്നും മദ്യക്കുപ്പി അടക്കം കണ്ടെത്തിയിട്ടുണ്ട്. ഇതിനു മുൻപും സമാന സംഭവങ്ങൾ ഇവിടെയുണ്ട്. കാറിൽ എത്തിയ സംഘത്തോടൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. കുടുംബശ്രീ പ്രവർത്തകരാണ് ഇവിടെ കച്ചവടം നടത്തുന്നത്.