പാലാ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ച സംഭവം: കാർ ഡ്രൈവർക്ക് ഒരു വർഷം തടവും രണ്ടായിരം രൂപ പിഴയും

പാലാ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ച സംഭവം: കാർ ഡ്രൈവർക്ക് ഒരു വർഷം തടവും രണ്ടായിരം രൂപ പിഴയും

സ്വന്തം ലേഖകൻ

കോട്ടയം: പാലാ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ച സംഭവത്തിൽ യുവാവിന് ഒരു വർഷം തടവും രണ്ടായിരം രൂപ പിഴയും. ളാലം കിഴതടിയൂർ ഞാവള്ളിപുത്തൻപുരയിൽ സെബാസ്റ്റ്യന്റെ മകൻ ഡെന്നി സെബാസ്റ്റ്യൻ (46) മരിച്ച സംഭവത്തിൽ, അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവറായിരുന്ന കിടങ്ങൂർ സൗത്ത് കരയിൽ കാവിൽകുന്നുംപുറം വീട്ടിൽ ഹരികൃഷ്ണൻ നായർ (26)നെയാണ് ഏറ്റുമാനൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. ഡെന്നിയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന യാത്രക്കാരന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂർ ഭാഗത്തു നിന്നു പോകുകയായിരുന്ന കാറിൽ എതിർ ദിശയിൽ നിന്നും വ്ന്ന കാർ ഇടിക്കുകയായിരുന്നു. പാലാ – ഏറ്റുമാനൂർ റോഡിൽ ആണ്ടൂർകവല ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ഹരികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഐപിസി 279 സെക്ഷൻ, അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിന് ഐപിസി സെക്ഷൻ 338 , അപകടകരവും അശ്രദ്ധവുമായി വാഹനം ഓടിച്ച് മരണത്തിന് കാരണക്കാരനായതിൽ 304 എ വകുപ്പുകളും, ലൈസൻസില്ലാതെ വാഹനം ഓടിച്ചതി്‌ന് മോട്ടോർ വാഹന വകുപ്പിലെ 31, 181 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.
കോടതിയിൽ വിചാരണയിൽ പ്രതിയ്‌ക്കെതിരെ 279, 338 വകുപ്പുൾ പ്രകാരം ആയിരം രൂപ പിഴ ചുമത്തി. അശ്രദ്ധവും അപകടകരവുമായ രീതിയിൽ വാഹനം ഓടിച്ച് മരണകാരണമായതിന് 304 എ ഐപിസി പ്രകാരമുള്ള കേസിൽ ഒരു വർഷം തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാൽ, പ്രതിയ്ക്ക് ലൈസൻസില്ലായിരുന്നു എന്ന വാദം തെളിയിക്കാൻ സാധിച്ചില്ല. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ പി.അനുപമ കോടതിയിൽ ഹാജരായി.