
കണ്ണൂര്‍: ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനിടെ വളപട്ടണം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട എസ്ഐ ടി.എം. വിപിന്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സതേടി. കാര്‍ ഓടിച്ച മാടായി നഫീസ മന്‍സിലില്‍ കെ. ഫായിസ് അബ്ദുള്‍ ഗഫൂര്‍ (23), കൂടെയുണ്ടായിരുന്ന മാട്ടൂല്‍ നോര്‍ത്ത് പി.പി.കെ. ഹൗസില്‍ പി.പി. നിയാസ് (23) എന്നിവരെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. വളപട്ടണം പാലത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ രണ്ട് പോലീസുകാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു എസ്ഐ. പാപ്പിനിശ്ശേരി ഭാഗത്തുനിന്ന് പാലം കടന്ന് കണ്ണൂര്‍ ഭാഗത്തേക്ക് അപകടകരമായ രീതിയില്‍ വരികയായിരുന്ന കാര്‍ നിര്‍ത്താന്‍ കൈകാണിച്ചു.
പിന്നിലെ വാഹനത്തിലുണ്ടായിരുന്നവരും കാര്‍ അപകടകരമായ രീതിയിലാണ് ഓടിച്ചുവരുന്നതെന്നും പരാതിപ്പെട്ടു. തുടര്‍ന്ന് വളപട്ടണം മഖാമിനടുത്ത് കാര്‍ നിര്‍ത്താന്‍ പോലീസ് നിര്‍ദേശിച്ചു.
നിര്‍ത്തി ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ നേരേ ഓടിച്ചുകയറ്റുകയായിരുന്നു. കാര്‍ തട്ടിയ എസ്ഐ ബോണറ്റിന് മുകളില്‍ വീണു. മുന്നോട്ടുപോയ കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്നിരുന്ന എസ്ഐ കാര്‍ നിര്‍ത്താന്‍ ഉറക്കെ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. എതിരേനിന്ന് വന്ന ഓട്ടോയില്‍ തട്ടി റോഡരികിലുള്ള മതില്‍ക്കെട്ടില്‍ ഇടിച്ച് കാര്‍ നിന്നപ്പോള്‍ എസ്ഐ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
പോലീസും പരിസരവാസികളും ഓടിയെത്തി കാറിലുണ്ടായിരുന്നവരെ പുറത്തിറക്കി. ഫാസിസ് അബ്ദുള്‍ ഗഫൂറിന് ലൈസന്‍സ് ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. വിമാനത്താവളത്തിലേക്ക് പോകവെ ഒരു രേഖ എടുക്കാന്‍ മറന്ന് വെപ്രാളപ്പെട്ട് വീട്ടില്‍പോയി തിരിച്ചുവരികയായിരുന്നു യുവാക്കള്‍. വീട്ടുകാര്‍ വന്ന് കേണപേക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു