നായ്ക്കളിൽ ‘കനൈൻ ഡിസ്റ്റംബർ’ രോഗം പടർന്നു പിടിക്കുന്നു; സംസ്ഥാനത്ത് ഇതിനോടകം ചത്തൊടുങ്ങിയത് നൂറുകണക്കിന് നായകൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: നായ്ക്കളെ മരണത്തിലേക്ക് നയിക്കുന്ന ‘കനൈൻ ഡിസ്റ്റംബർ’ എന്ന രോഗം സംസ്ഥാനത്ത് പടർന്നു പിടിക്കുന്നു. തൃശ്ശൂരിലും ഇപ്പോൾ ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുള്ള ഒരു നായയ്ക്കാണ് കഴിഞ്ഞദിവസം വൈറസ് ബാധ കണ്ടെത്തിയത്. ഈ നായയെ ചികിത്സയ്ക്ക് കോർപ്പറേഷന്റെ എ.ബി.സി. സെന്ററിലേക്ക് മാറ്റി. ഈ രോഗം ബാധിച്ച് കണ്ണൂരും പാലക്കാടും തെരുവുകളിൽ ചത്തൊടുങ്ങിയത് നൂറുകണക്കിന് നായ്ക്കളാണ്.

നായ്ക്കളിൽനിന്ന് നായ്ക്കളിലേക്ക് പകരുന്ന ‘കനൈൻ ഡിസ്റ്റംബർ’ എന്ന രോഗമാണ് ഇവയുടെ മരണകാരണമായത്. പനി, വയറിളക്കം, വിശപ്പില്ലായ്മ, കണ്ണിൽനിന്നും മൂക്കിൽനിന്നും സ്രവം ഒഴുകുക തുടങ്ങിയവയാണ് കനൈൻ ഡിസ്റ്റംബറിന്റെ പൊതുവായ ലക്ഷണങ്ങൾ. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറിയ പനിയിൽ തുടങ്ങി അതികഠിനമായ പനിയും തുടർന്ന് ഭക്ഷണം കഴിക്കാതെയുമാവും. വൈറസ് ബാധിക്കുന്ന നായ്ക്കളിൽ നിർജലീകരണം സംഭവിച്ച് എളുപ്പം മരണം സംഭവിക്കാം. ശുചിത്വം ഉറപ്പാക്കിയും കൃത്യസമയത്ത് കുത്തിവെപ്പെടുത്തും രോഗം പ്രതിരോധിക്കാം.

നായ്ക്കളിൽനിന്ന് നായ്ക്കളിലേക്ക് മാത്രമാണ് വൈറസ് പകരുക. എന്നാൽ വാക്‌സിൻ എടുത്ത നായ്ക്കൾ സുരക്ഷിതരാണ്. ചത്തതിൽ ഭൂരിഭാഗവും തെരുവുനായ്ക്കളാണെന്നതിനാൽ ആശങ്ക അവസാനിക്കുന്നില്ല. രോഗം ബാധിച്ച നായ്ക്കളിൽനിന്ന് പുറപ്പെടുവിക്കുന്ന സ്രവത്തിലൂടെയാണ് ഈ രോഗം പകരുന്നത്.

മനുഷ്യരിലേക്ക് ഈ വൈറസ് പകരില്ല. ജില്ലയിൽ ഒരുവർഷം മുമ്പേ കനൈൻ ഡിസ്റ്റംബർ രോഗം ബാധിച്ച് ഒട്ടേറെ തെരുവുനായ്ക്കൾ ചത്തിട്ടുണ്ടെന്ന് തെരുവുനായ്ക്കളെ പരിപാലിക്കുന്ന ‘പോസ്’ സംഘടനാ സ്ഥാപക പ്രീതി ശ്രീവത്സൻ പറഞ്ഞു.

2020-ൽ രോഗം ബാധിച്ച തെരുവുനായ്ക്കളെ സംരക്ഷിക്കാൻ പ്രത്യേക കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷന് കത്ത് നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ലെന്ന് പ്രീതി പറഞ്ഞു.